Search This Blog

Tuesday, February 4, 2014

ശംസുല്‍ ഉലമ ഇ. കെ അബൂബക്കര്‍ മുസ്‌ലിയാര്‍


സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സാരഥിയെന്ന നിലയില്‍ ആബാലവൃദ്ധം ജനഹൃദയങ്ങളില്‍ നിത്യാദരണീയത നിലനിര്‍ത്തിയ ഒരു മഹാ പണ്‌ഡിതവര്യനാണ്‌ ശംസുല്‍ ഉലമ എന്ന അപര നാമത്തില്‍ പ്രസിദ്ധനായ ഇ. കെ അബൂബക്കര്‍ മുസ്‌ലിയാര്‍. അനിതര സാധാരണമായ ഘനഗാംഭീര്യം മുറ്റിനില്‍ക്കുന്ന ശരീര പ്രകൃതി, ആരെയും ആകര്‍ഷിക്കുന്ന വേഷവിധാനം, പ്രസന്നത സദാ കളിയാടുന്ന വട്ടമുഖം, അതിന്നലങ്കാരമായി തഴച്ചു വളര്‍ന്ന താടി, രാജകീയവും പ്രൗഢോജ്വലവുമായ തലപ്പാവും ശംസുല്‍ ഉലമ എന്നു കേള്‍ക്കുമ്പോള്‍ ഈ കാലഘട്ടത്തിലെ ജനമനസ്സുകളില്‍ ഉടന്‍ പ്രതിബിംബിക്കുന്ന രൂപമാണിത്‌. ഒരു നൂറ്റാണ്ടിലെ അനുഭവ സമ്പത്തും ആദര്‍ശ മഹിമയുമായി ആ മഹാ മനുഷ്യന്‍ തന്റെ ജീവിതമത്രയും ദീനീ വിജ്ഞാന പ്രചരണത്തിലായി ചെലവഴിച്ചു. മത വിജ്ഞാനത്തിന്റെ ഓരോ ശാഖയും കോരിക്കുടിച്ച ആ മഹാജ്ഞാനി ഈ യുഗത്തില്‍ ജീവിച്ച പണ്‌ഡിതരില്‍ പ്രഥമ ഗണനീയന്‍ തന്നെയായിരുന്നു. ഇസ്‌ലാമിക ആശയങ്ങള്‍ ആരുടെ മുന്നിലും സലക്ഷ്യം സമര്‍ത്ഥിക്കുവാനും ശാസ്‌ത്രീയമായി തെളിയിക്കുവാനും ശംസുല്‍ ഉലമയെ പോലെ കഴിവുള്ള മറ്റാരും ഇന്നില്ല കേരളത്തിലെ ഇസ്‌ലാമിക വിജ്ഞാനപ്രചരണത്തിനു നേതൃത്വം നല്‍കിയ ഈ പണ്‌ഡിത കേസരി ഒരു സര്‍വ്വ വിജ്ഞാനകോശം തന്നെയായിരുന്നു

കുടുംബം

ഹി. 1333 ല്‍ (ക്രി. 1914) കോഴിക്കോടിനടുത്ത പറമ്പില്‍ കടവിലെ എഴുത്തച്ചന്‍കണ്ടി എന്ന വീട്ടിലാണ്‌ ഈ മഹാപ്രതിഭ ഭൂജാതനായത്‌. യമനില്‍ നിന്ന്‌ കുടിയേറിപ്പാര്‍ത്ത പണ്‌ഡിത പരമ്പരയിലെ പ്രമുഖനായ കോയക്കുട്ടി മുസ്‌ലിയാരുടെയും ഭാര്യ ബീവിക്കുട്ടിയുടെയും മൂത്ത പുത്രനായിരുന്നു അദ്ദേഹം. പിതാവ്‌ കോയക്കുട്ടി മുസ്‌ലിയാരും അക്കാലത്തെ മഹാ പണ്‌ഡ്‌തന്മാരില്‍ പ്രമുഖനും. സൂഫീവര്യനും ത്യാഗിയുമായിരുന്നു. ഇസ്‌ലാമിക വിജ്ഞാന പ്രചരണത്തിലും ദീനീ പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ട്‌ അല്ലാഹുവിന്റെ ദീനിന്റെ പ്രചരണം സ്വയം ഏറ്റെടുക്കുകയും മത വിഷയങ്ങളില്‍ കൃത്യ നിഷ്‌ഠതയും ആത്മാര്‍ത്ഥതയും പുലര്‍ത്തിവരുകയും ചെയ്യുന്ന കുടുംബവുമാണ്‌ മഹാനവര്‍കളുടേത്‌. പറമ്പില്‍ കടവ്‌ അടിയോട്ടില്‍ അബൂബക്കറിന്റെ മകള്‍ ബീവിക്കുട്ടി-കോയക്കുട്ടി മുസ്‌ലിയാര്‍ ദമ്പതികള്‍ക്ക്‌ പിറന്ന ഇ.. കെ അബൂബക്കര്‍ മുസ്‌ലിയാര്‍ അടക്കം ഏഴു പേരും പ്രഗത്ഭരാണ്‌. പറമ്പില്‍ ബസാറിലെ മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖുല്‍ ഖാദിരി കമാലുദ്ദീന്‍ ഇ. കെ ഉമ്മര്‍ മുസ്‌ലിയാര്‍ (ന. മ) കാഞ്ഞിരത്തിങ്കല്‍ പള്ളി ഖതീബായിരുന്ന മര്‍ഹൂം ഇ. കെ ഉസ്‌മാന്‍ മുസ്‌ലിയാര്‍ (ന. മ) മര്‍ഹൂം ഇ. കെ അലി മുസ്‌ലിയാര്‍ (ന. മ) സൂഫീ വര്യനായ ഇ. കെ അഹ്‌മദ്‌ മുസ്‌ലിയാര്‍ മുറ്റിച്ചൂര്‍ (ന. മ) സുന്നത്ത്‌ ജമാഅത്തിന്റെ അതുല്യനായ പടനായകന്‍ ബിദഈ പ്രസ്ഥാനങ്ങളുടെ പേടിസ്വപ്‌നം സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റുമായിരുന്ന മര്‍ഹൂം ഇ. കെ ഹസ്സന്‍ മുസ്‌ലിയാര്‍ (ന:.മ) പുന്ന ഖാസിയായ ഇ. കെ അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ ശംസുല്‍ ഉലമയുടെ സഹോദരന്മാരും ആയിഷ, ആമിന എന്നിവര്‍ സഹോദരികളുമാണ്‌. വെള്ളിമാടുകുന്നിലെ പരേതയായ ഫാത്തിമ ഹജ്ജുമ്മയായിരുന്നു മഹാനവര്‍കളുടെ ഭാര്യ അബ്‌ദുസ്സലാം അബ്‌ദു റഷീദ്‌ എന്നീ പുത്രന്മാരും ആയിഷ, ആമിന, നഫീസ, ഹലീമ, ബീവി എന്നീ പുത്രിമാരുമാണ്‌ സന്താനങ്ങള്‍. പാലാട്ട്‌ പറമ്പ്‌ മുഹമ്മദ്‌ മുസ്‌ലിയാര്‍, കുറ്റിക്കാട്ടൂര്‍ പി. കെ ഉമ്മര്‍ കോയ ഹാജി, അഹ്‌മദ്‌ വട്ടോളി, കിഴിശ്ശേരി മുഹമ്മദ്‌ ഫൈസി, മാക്കില്‍ മഹമൂദ്‌ എന്നിവര്‍ ജാമാതാക്കളാണ്‌.

വിദ്യാഭ്യാസം

പിതാവ്‌ കോയക്കുട്ടി മുസ്‌ലിയാര്‍ അക്കാലത്തെ മഹാ പണ്‌ഡിതനായിരുന്നു എന്നു പറഞ്ഞുവല്ലോ. സൂഫിവര്യനും, ത്യാഗിയുമായ അദ്ദേഹം ഇലാഹീ പ്രീതി മാത്രം ലക്ഷ്യമാക്കി സ്വന്തം നാടായ പറമ്പില്‍കടവില്‍ ദര്‍സ്‌ നടത്തിപ്പോന്നു. ആ ദര്‍സില്‍ നിന്നും അനേകം വിദ്യാ ദാഹികള്‍ മധു നുകര്‍ന്നിരുന്നു. അക്കാലത്തെ മത നവോത്ഥാനത്തിനും സമൂഹ സംസ്‌കരണത്തിനും നായകത്വം വഹിച്ച അദ്ദേഹം ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖ്‌ കൂടിയായിരുന്നു. ശംസുല്‍ ഉലമ ഇ. കെ അബൂബക്കര്‍ മുസ്‌ലിയാരടക്കമുള്ള മക്കള്‍ക്ക്‌ വിദ്യാഭ്യാസവും ആത്മീയ ശിക്ഷണവും നല്‍കിയത്‌, സുപ്രസിദ്ധ പണ്‌ഡിതനായിരുന്ന മര്‍ഹൂം കുട്ട്യാമു മുസ്‌ലിയാരുടെ അക്കാലത്തെ മഖ്‌ദൂം പണ്‌ഡിതരുടെയും ശിഷ്യഗണങ്ങളില്‍ പ്രധാനിയായ പിതാവ്‌ കോയക്കുട്ടി മുസ്‌ലിയാര്‍ തന്നെ. വിശുദ്ധ ഖുര്‍ആന്‍ മനപാഠമുള്ള പിതാവില്‍ നിന്നും ഖുര്‍ആന്‍ പഠിച്ചു തുടങ്ങി. മഹല്ലി വരെ പിതാവ്‌ ഓതിക്കൊടുത്തു. ജീവിത പ്രാരാബ്‌ധങ്ങള്‍ പേറി പ്രയാസപ്പെട്ടിട്ടും ആരുടെയും ഔദാര്യത്തിനു മുമ്പിലും തന്റെ അഭിമാനവും, മാന്യതയും പണയപ്പെടുത്താന്‍ തയ്യാറല്ലായിരുന്നു അദ്ദേഹം. തന്റെ സന്താനങ്ങള്‍ക്ക്‌ ശൈശവത്തില്‍ തന്നെ അഭിമാന ബോധവും ത്യാഗബുദ്ധിയും മനോദാര്‍ഢ്യവും പകര്‍ന്നു കൊടുക്കുന്നതില്‍ വളരെ ദീര്‍ഘ ദൃഷ്‌ടിയോടെ ശ്രദ്ധ പതിപ്പിച്ചിരുന്നു. പട്ടിണി കിടന്നു വിശന്നു വലയുമ്പോഴും ചിമ്മിണിക്കു കാശില്ലാതെ നിലാവെളിച്ചത്തിലിരുന്ന്‌ അല്‍ഫിയ്യയുടെ ബൈത്തും ശറഹും (പദ്യങ്ങളും വ്യാഖ്യാനങ്ങളും) മന:പാഠമാക്കിയ രംഗം കഥാപുരുഷന്റെ സഹോദരന്‍ മര്‍ഹൂം ഇ. കെ ഹസ്സന്‍ മുസ്‌ലിയാര്‍ ഒരവസരത്തില്‍ വിവരിച്ചത്‌ ഓര്‍ത്തുപോവുകയാണ്‌.
അങ്ങനെ പിതാവില്‍ നിന്നും പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ശേഷം വലിയുള്ളാഹി മടവൂര്‍ സി. എം അബൂബക്കര്‍ മുസ്‌ലിയാരുടെ പിതാവും പ്രഗത്ഭ സൂഫീവര്യനും പ്രമുഖ പണ്‌ഡിതനുമായ മടവൂര്‍ കുഞ്ഞായില്‍ കോയ മുസ്‌ലിയാരുടെ അടുത്താണ്‌ ഓതിപഠിച്ചത്‌. പിന്നീട്‌ വാഴക്കാട്‌ ദാറുല്‍ ഉലൂമില്‍ എത്തിച്ചേര്‍ന്നു. അവിടെ പ്രിന്‍സിപ്പളായിരുന്ന പള്ളിപ്പുറം അബ്‌ദുല്‍ ഖാദിര്‍ ഫള്‌ഫരി ആയിരുന്നു മഹാന്റെ പ്രധാന ഉസ്‌താദ്‌. ഫത്‌ഹുല്‍ മുഈന്‍, അല്‍ഫിയ തുടങ്ങിയ പ്രധാന ഫിഖ്‌ഹ്‌, വ്യാകരണ ഗ്രന്ഥങ്ങള്‍ പൊന്നാനി സില്‍സില എന്ന പേരില്‍ അറിയപ്പെടുന്ന സിലബസ്‌ അനുസരിച്ച്‌ പൊന്നാനിയിലെ മഖ്‌ദൂം പണ്‌ഡിതരുടെ വ്യാഖ്യാനങ്ങളോടെ പഠിച്ചു തീര്‍ത്ത്‌ പിന്നീട്‌ ഉപരി പഠനത്തിനായി വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍ എത്തിച്ചേര്‍ന്നു. ശേഷം കണ്ണിയത്ത്‌ അഹ്‌മദ്‌ മുസ്‌ലിയാരുടെ ദര്‍സിലും (മാട്ടൂല്‍) സമസ്‌ത മുശാവറ അംഗവും ഉന്നത നേതാവുമായിരുന്ന അയനിക്കാട്‌ ഇബ്രാഹീം മുസ്‌ലിയാരുടെ ദര്‍സിലും പഠിച്ചു. ശൈഖ്‌ അബ്‌ദു റഹീം ഹസ്രത്ത്‌, ശൈഖ്‌ ആദം ഹസ്രത്ത്‌, ശൈഖ്‌ അബ്‌ദുല്‍ അലി ഹസ്രത്ത്‌, ശൈഖ്‌ പട്ട്‌ ഹസ്രത്ത്‌ എന്നീ ഗുരു പ്രമുഖരുടെ ശിഷ്യത്വമായിരുന്നു. ബാഖിയാത്തില്‍ ബഹു അഹ്‌മദ്‌ കോയ ശാലിയാത്തി, പുതിയാപ്പിള അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍, ഖുതുബി മുഹമ്മദ്‌ മുസ്‌ലിയാര്‍, കാപ്പാട്‌ കുഞ്ഞമ്മദ്‌ മുസ്‌ലിയാര്‍, കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയ പ്രഗത്ഭ പണ്‌ഡിതരുമായി പല നിലക്കും ബന്ധപ്പെട്ട്‌ ത്വരീഖത്തും ഇജാസത്തും കരസ്ഥമാക്കിയിട്ടുണ്ട്‌.
മഹാനവര്‍കളുടെ പാണ്‌ഡിത്യവും കൂര്‍മ്മബുദ്ധിയും കാരണം വെല്ലൂര്‍ ബാഖിയാത്തിലെ പഠന കാലത്ത്‌ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിനു ചുറ്റും വട്ടമിട്ടിരുന്നു. പ്രഗത്ഭ ശിഷ്യന്റെ കഴിവു മനസ്സിലാക്കിയ കോളേജിലെ ഉസ്‌താദുമാര്‍ പല പ്രധാന വിഷയങ്ങളുടെയും ക്ലാസ്സ്‌ തന്നെ അദ്ദേഹത്തെ ഏല്‍പിച്ചിരുന്നു. കോളേജ്‌ വിദ്യാര്‍ത്ഥികള്‍ മഹാന്റെ ക്ലാസില്‍ ആവേശപൂര്‍വ്വം പങ്കുകൊണ്ടു. ചഗ്‌മീനി, സദ്‌റ മുതലായ ശാസ്‌ത്ര ഗ്രന്ഥങ്ങളും മറ്റു കെട്ടു പിണഞ്ഞ ഗഹനങ്ങളായ വിഷയങ്ങളുമായിരുന്നു മഹാന്‍ ക്ലാസ്സ്‌ നടത്തിയിരുന്നത്‌. കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, നെല്ലിക്കുത്ത്‌ മഹ്‌യിദ്ദീന്‍ എന്ന ബാപ്പുട്ടി മുസ്‌ലിയാര്‍, ഒ. കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ ഓടക്കല്‍ തുടങ്ങിയവരടക്കം പലരും അവിടെ വെച്ച്‌ അദ്ദേഹത്തില്‍ നിന്നും കിതാബ്‌ ഓതിയിരുന്നു. പൂര്‍ണ്ണ മാര്‍ക്കോടെ ബിരുദം നേടിയപ്പോള്‍ ബിരുദ ദാനം നടത്തിയിരുന്ന ശൈഖ്‌ സിയാഉദ്ദീന്‍ ഹസ്രത്ത്‌ ഈ മഹാജ്ഞാനിയുടെ മുഖത്തു നോക്കി അഭിമാന പൂര്‍വ്വം പറഞ്ഞു. താങ്കള്‍ക്ക്‌ അനുഗ്രഹാശിസ്സുകള്‍ നേരുന്നു. താങ്കള്‍ സ്ഥാപനത്തോടുള്ള കടപ്പാട്‌ നര്‍വ്വഹിക്കുക.

മുഫ്‌തി

ബിരുദം എടുത്ത വര്‍ഷം (1940 മുതല്‍ 1948 വരെ) വെല്ലൂരില്‍ തന്നെ മുദരിസായി നിയമിക്കപ്പെടുകയും അവിടെ അധ്യാപകനായി സേവനമനുഷ്‌ഠിക്കുകയും ചെയ്‌തു. ശൈഖ്‌ അബ്‌ദു റഹീം ഹസ്രത്തും, ശൈഖ്‌ ആദം ഹസ്രത്തും അവിടുത്തെ ഫത്‌വമേധാവികളായിരുന്നപ്പോള്‍ ഇസ്‌ലാമിലെ അനന്തരാവകാശ വിധികള്‍ (ഫറാഇള്‌) തുടങ്ങിയ വിഷയങ്ങളില്‍ ഫത്‌വ നല്‍കാന്‍ പില്‍ക്കാലത്ത്‌ ശംസുല്‍ ഉലമയെന്ന അപരനാമത്തില്‍ അറിയപ്പെട്ട ഇ. കെ യായിരുന്നു ഏല്‍പിച്ചിരുന്നത്‌. ശാഫീ ഫിഖ്‌ഹിന്റെ ഉത്തരവാദിത്തം പൂര്‍ണ്ണമായും മഹാനവര്‍കളിലായിരുന്നു. അനാരോഗ്യം കാരണമാണ്‌ വെല്ലൂര്‍ വിട്ടത്‌. അനന്തരം മലയാളക്കരയിലെ ഇസ്‌ലാമിക പ്രവര്‍ത്തന രംഗത്തിനു ചൂടും ചുണയും പകര്‍ന്നു കൊണ്ട്‌ സുന്നത്ത്‌ ജമാഅത്തിന്റെ പ്രവര്‍ത്തന വേദിയില്‍ സജീവമായി പ്രത്യക്ഷപ്പെട്ടു.
കേരളത്തിലെത്തിയ അദ്ദേഹം തളിപ്പറമ്പ്‌ ഖുവ്വതുല്‍ ഇസ്‌ലാം അറബിമദ്രസ, പാറക്കടവ്‌ ജുമുഅത്ത്‌ പള്ളി എന്നിവിടങ്ങളില്‍ മുദരിസായി. തുടര്‍ന്ന്‌ പട്ടിക്കാട്‌ ജാമിഅ നൂരിയ്യയില്‍ 1963 മുതല്‍ പ്രിന്‍സിപ്പലായ ശംസുല്‍ ഉലമ 1977 വരെയുള്ള സേവനത്തിനു ശേഷം അവിടം വിട്ടു കാസര്‍കോടിനടുത്ത പൂച്ചക്കാട്‌ മുദരിസായി. പിന്നീട്‌ നന്തി ദാറുസ്സലാം അറബിക്‌ കോളേജിന്റെ പ്രിന്‍സിപ്പലായ അദ്ദേഹം മരിക്കുന്നതു വരെ അവിടടെ തുടരുകയായിരുന്നു. സഖാഫി, ഫൈസി, ബാഖവി, ദാരിമി തുടങ്ങി മത വിജ്ഞാനങ്ങളില്‍ ബിരുദമുള്ള പന്ത്രണ്ടായിരത്തോളം പേരടക്കം അനേകം പേര്‍ മഹാന്റെ ശിഷ്യന്മാരായുണ്ട്‌. ഉള്ളാള്‍ സയ്യിദ്‌ അബ്‌ദു റഹ്‌മാന്‍ കുഞ്ഞിക്കോയ തങ്ങള്‍, സഹോദരന്‍ കൂടിയായ മര്‍ഹൂം ഇ. കെ ഹസ്സന്‍ മുസ്‌ലിയാര്‍, കെ. കെ അബൂബക്കര്‍ ഹസ്രത്ത്‌, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, സി. എം വലിയുള്ളാഹി മടവൂര്‍ സയ്യിദ്‌ അലി ബാഫഖി തങ്ങള്‍, ഉമറലി ശിഹാബ്‌ തങ്ങള്‍, ഹൈദരലി ശിഹാബ്‌ തങ്ങള്‍, സഅദിയ്യ മുദരിസ്‌ എ. കെ അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, പി. പി. എം പാറന്നൂര്‍, വി. പി. എം വില്യാപ്പള്ളി, പൊട്ടച്ചിറ അന്‍വരിയ്യ പ്രിന്‍സിപ്പള്‍ കൊമ്പം മുഹമ്മദ്‌ ഫൈസി… തുടങ്ങിയ പ്രഗത്ഭരായ ശിഷ്യന്മാരുടെ നിര നീളുന്നു.
1957 ല്‍ സമസ്‌തയുടെ ജനറല്‍ സെക്രട്ടറിയായി പൊതുരംഗത്തു കടന്നു വന്ന മഹാനവര്‍കള്‍ ഉജ്ജ്വല വാഗ്മിയും സുന്നീ പ്രസ്ഥാനത്തിന്റെ പടനായകനുമായിരുന്നു. സുന്നീ വിരോധികളെ തൊലിയുരിച്ചു കാണിക്കുന്ന മഹാന്‍ പ്രതിലോമ ശക്തികള്‍ക്ക്‌ എന്നും ഒരു പേടി സ്വപ്‌നമായിരുന്നു. സമസ്‌തയെ കേരള മണ്ണില്‍ ഒരു അജയ്യ സുന്നീ പ്രസ്ഥാനമാക്കി വളര്‍ത്തിയതില്‍ മഹാന്റെ തീപ്പൊരി പ്രസംഗവും പുത്തന്‍ പ്രസ്ഥാനങ്ങളെ മുട്ടു കുത്തിക്കാനുതകുന്ന പാണ്‌ഡിത്യവും ഏറെ പങ്കുവഹിച്ചിട്ടുണ്ട്‌. നാല്‌ പതിറ്റാണ്ടോളം സമസ്‌തയുടെ ജനറല്‍ സെക്രട്ടറിയായി തുടര്‍ന്നു. പൂനൂരില്‍ നടന്ന സുന്നി-മുജാഹിദ്‌ സംവാദത്തോടെയാണ്‌ മഹാന്‍ പൊതു ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടാന്‍ തുടങ്ങിയത്‌. അതിനുശേഷം എടവണ്ണ, ഒതായി തുടങ്ങി ഒട്ടേറെ സംവാദങ്ങളില്‍ സുന്നി വിഭാഗത്തിന്റെ വാക്താവായി എതിര്‍ കക്ഷികളെ നേരിട്ടത്‌ അദ്ദേഹമാണ്‌. മഞ്ചേരിയില്‍ വെച്ച്‌ ക്രിസ്‌ത്യാനികള്‍ക്കെതിരെ നടന്ന സംവാദം ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു. വഹാബി മുത്തപ്പന്‍മാര്‍ക്കെതിരെ പൂനൂരില്‍ അദ്ദേഹം തനിച്ച്‌ നടത്തിയ വാദപ്രതിവാദമാണ്‌ മതനവീകരണ പ്രസ്ഥാനത്തിന്റെ ആക്രമണത്തില്‍ നിന്നു മലബാറിനെ തടഞ്ഞു നിര്‍ത്തിയതെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. ഒരു സമയം ക്രൈസ്‌തവ മിഷനറിമാരുടെ ഭാഗത്തു നിന്നുള്ള ആക്രമണം നേരിട്ടു തോല്‍പിക്കുകവാനും മഹാനവര്‍കളുടെ ഉജ്ജ്വലമായ വാഗ്‌ധോരണിക്കു കഴിഞ്ഞു. ക്രൈസ്‌തവതയുടെ നിരര്‍ത്ഥകത പുതിയ തലമുറയിലെ പണ്‌ഡിതന്മാര്‍ക്കു ബോധ്യപ്പെടുത്തുവാനും ക്രിസ്‌ത്യാനികളെ ആശയപരമായി നേരിടാന്‍ കെല്‍പുള്ള ഒരു പണ്‌ഡിത വ്യൂഹത്തെ വളര്‍ത്തിയെടുക്കുവാനും പലേടത്തും സംഘടിപ്പിച്ച മഹാനവര്‍കളുടെ ക്ലാസ്സുകള്‍ സഹായിച്ചു.
ഖാദിയാനിമതക്കാര്‍ ഖുര്‍ആന്‍, ഹദീസ്‌ തുണ്ടുകള്‍ക്ക്‌ വികല വ്യാഖ്യാനം നല്‍കി ഇസ്‌ലാമിക സമൂഹത്തെ ഭിന്നിപ്പിക്കാനും മുസ്‌ലിം സാധാരണക്കാരുടെ ഈമാന്‍ പിഴപ്പിക്കുവാനും ശ്രമിച്ചപ്പോള്‍ സുന്നി പണ്‌ഡിതര്‍ അതിനെതിരെ ശക്തമായ ചെറുത്തു നില്‍പ്പു നടത്തി. ഖാദിയാനി കുഞ്ഞഹമ്മദ്‌ എന്ന പേരിലറിയപ്പെട്ടിരുന്ന ഖാദിയാനി നേതാവിന്റെ വാദങ്ങള്‍ ഖണ്‌ഡിച്ചു കൊണ്ട്‌ ശംസുല്‍ ഉലമ അന്നൊരു ഗ്രന്ഥം തന്നെ എഴുതി. ഖാദിയാനികളുടെ നട്ടെല്ലൊടിച്ച ഗ്രന്ഥമാണത്‌. ദൗര്‍ഭാഗ്യമെന്നു പറയട്ടെ അതിന്റെ ഒരു കോപ്പി മഹാന്റെ കൈവശം പോലും അവസാനം ഉണ്ടായിരുന്നില്ല. പഴയങ്ങാടിയിലെവിടെയെങ്കിലുംഉണ്ടാവുമെന്നാണ്‌ മരിക്കുന്നതിന്റെ മുമ്പ്‌ അല്‍ ഇര്‍ഫാദ്‌ മാസികക്ക്‌ നല്‍കിയ അഭിമുഖ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞത്‌.
ഖാദിയാനി ഖണ്‌ഡനത്തിനു പുറമെ ഖുതുബയെക്കുറിച്ച്‌ ഒരു ലഘു കൃതിയും മഹാനവര്‍കള്‍ രചിച്ചിട്ടുണ്ട്‌. ഖിബ്‌ലയുടെ ദിക്കു കണ്ടുപിടിക്കാനായി നമ്മുടെ ഉന്നത കലാലയങ്ങളില്‍ പഠിപ്പിച്ചു വരുന്ന രിസാലത്തുല്‍ മാറദീനി എന്ന മഹല്‍ ഗ്രന്ഥത്തിലെ വിഷയങ്ങള്‍ വിവരിച്ചു കൊണ്ട്‌ ഉന്നത വിദ്യാര്‍ത്ഥികളെ കണക്കിലെടുത്ത്‌ സരള സുന്ദരമായ ശൈലിയില്‍ മഹാന്‍ അറബിയില്‍ എഴുതിയ വ്യാഖ്യാന ഗ്രന്ഥം നിസ്‌തുലമാണ്‌. വിദ്യാര്‍ത്ഥികളുടെ അപേക്ഷ മാനിച്ചാണിതു വിവരിച്ചത്‌.
സ്വഹീഹുല്‍ ബുഖാരിക്കു വ്യാഖ്യാനമായി മഹാന്‍ വളരെയധികം അമൂല്യ വിദ്യാരത്‌നങ്ങള്‍ ക്രോഡീകരിച്ചിട്ടുണ്ട്‌. അവയൊക്കെ മഹാനവര്‍കളുടെ ക്ലാസ്സുകളില്‍ എത്തിയവര്‍ക്കു മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. അതു തന്നെ വളരെ പരിമിതമായി മാത്രം കോഴിക്കോട്‌ ശൈഖ്‌ അബുല്‍ വഫാ ശംസുദ്ദീന്‍ മുഹമ്മദ്‌ ബ്‌നു അലാവുദ്ദീനുല്‍ ഹിമ്മസി എന്ന മാമുക്കോയ തങ്ങളെ അധികരിച്ച്‌ മൗലിദ്‌ ഗ്രന്ഥം, അജ്‌മീരിലെ ഖാജാ മുഈനുദ്ദീന്‍ ചിശ്‌തി തങ്ങളെക്കുറിച്ചുള്ള മൗലിദ്‌, ഖാദിരീ ത്വരീഖതിന്റെ ശൈഖും പണ്‌ഡിതനും സൂഫീവര്യനും ആയ അയിലക്കാട്‌ സഈദ്‌ മുസ്‌ലിയാരെക്കുറിച്ചുള്ള മൗലിദ്‌ എന്നിവയും മഹാനവര്‍കളുടെ രചനകളില്‍ ഉള്‍പ്പെടുന്നു.

വിദ്യാ സദസ്സ്‌

അത്യധികം ആകര്‍ഷകമായിരുന്നു മഹാനവര്‍കളുടെ വിദ്യാസദസ്സ്‌. വിദ്യാദാഹികള്‍ക്ക്‌ എന്നും അത്‌ ഒരാവേശമായിരുന്നു. ആ സദസ്സിലെന്ന പോലെ കാതുകൂര്‍പ്പിച്ച്‌, ശ്വാസമടക്കിപ്പിടിച്ച്‌, ചലിക്കുന്ന പേനയും, പ്രതീക്ഷയുള്ള നയനവും, നിറയുന്ന ഹൃദയവുമായി ശാന്ത സുന്ദരമായി പഠിക്കാനിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ വേദി മറ്റെവിടെയും കാണാന്‍ കഴിയില്ല.
ശംസുല്‍ ഉലമയുടെ ക്ലാസില്‍ മൊട്ടു സൂചി വീണാല്‍ പോലും കേള്‍ക്കാമായിരുന്നു. മറ്റു പല ക്ലാസുകളിലും ഉറക്കം തൂങ്ങുന്നവരെ കാണാം പക്ഷെ മഹാഗുരുവിന്റെ ക്ലാസില്‍ ഒരാളും ഉറക്കം തൂങ്ങുകയോ അശ്രദ്ധമായിരിക്കുകയോ ചെയ്യാറില്ലായിരുന്നു. ഘനഗാംഭീര്യമായിരുന്ന ആ ശബ്‌ദം ഹൃദയങ്ങളെ കോരിത്തരിപ്പിച്ചിരുന്നു. ചന്ദ്രബിംബം പോലുള്ള ആ മുഖത്ത്‌ പാരമ്പര്യത്തിന്റെയും പാണ്‌ഡിത്യത്തിന്റെയും ഗാംഭീര്യം വിടരുമായിരുന്നു. ആ പണ്‌ഡിത ജ്യോതിസ്സിന്റെ ഖുര്‍ആന്‍ വ്യാഖ്യാനമായിരുന്നു ഏവരെയും ആകര്‍ഷിച്ചിരുന്നത്‌. അനുവാചക ഹൃദയങ്ങളെ വിജ്ഞാനത്തിന്റെയും പ്രായോഗിക വ്യാഖ്യാനത്തിന്റെയും പുത്തന്‍ ചക്രവാളങ്ങളിലേക്കാനയിക്കുകയായിരുന്നു. പൂര്‍വ്വീകരുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളെ മുന്നില്‍ വെച്ചുകൊണ്ട്‌ അവയെ ആധാരമാക്കി ഖുര്‍ആനിന്റെ സമകാലികത ബോധ്യപ്പെടുത്തുകയായിരുന്നു അവിടുത്തെ ഓരോ വാക്കുകളും. ഹദീസ്‌ ശാസ്‌ത്രത്തിലും, ഫിഖ്‌ഹിലും, തന്റേതായ ഒരു പ്രത്യേക ശൈലിയിലും സരണിയിലുമായിരുന്നു കഥാപുരുഷന്‍ ക്ലാസെടുത്തിരുന്നത്‌. പ്രതിയോഗികളുടെ മുന്നില്‍ ഇരു തല മൂര്‍ച്ചയുള്ള ഖഡ്‌കമായിരുന്നു.
1961 ല്‍ ആദ്യത്തെ ഹജ്ജ്‌ ചെയ്‌ത അദ്ദേഹം രണ്ടു തവണ ഹജ്ജ്‌ കര്‍മ്മം നിര്‍വ്വഹിച്ചിട്ടുണ്ട്‌. യു. എ. ഇ അടക്കം പല വിദേശ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്‌. മലയാളത്തിനു പുറമെ ഉറുദു, അറബി, സുരിയാനി, ഇംഗ്ലീഷ്‌, തമിഴ്‌ ഭാഷകളില്‍ നല്ല പരിജ്ഞാനമുണ്ടായിരുന്നു. പല വിഷയങ്ങളിലും സംശയം തീര്‍ക്കുവാന്‍ ഈ പണ്‌ഡിത വരേണ്യരെ സമീപിക്കുന്നവര്‍ നിരവധിയായിരുന്നു. ശത്രുക്കള്‍ പോലും അദ്ദേഹത്തിന്റെ പാണ്‌ഡിത്യത്തിലുള്ള അഗാധതയെ വാഴ്‌ത്തിയിരുന്നു. 70 മഹല്ലുകള്‍ ഉള്‍ക്കൊള്ളുന്ന മട്ടന്നൂര്‍ സംയുക്ത ജമാഅത്തടക്കം നിരവധി മഹല്ലുകളുടെ ഖാളിയായിരുന്നു.

സഹപാഠികള്‍

വെല്ലൂരില്‍ പഠിക്കുന്ന കാലത്ത്‌ പരേതനായ കാഞ്ഞങ്ങാട്‌ അബൂബക്കര്‍ മുസ്‌ലിയാര്‍, നെല്ലിക്കുത്ത്‌ എ. പി കുഞ്ഞഹമ്മദ്‌ മുസ്‌ലിയാര്‍, വണ്ടൂര്‍ സ്വദേശി ഇരിയകുളത്തില്‍ ആലിക്കുട്ടി എന്ന ചെറീതു മുസ്‌ലിയാര്‍, വണ്ടൂര്‍ കാപ്പില്‍ അഹ്‌മദ്‌ എന്ന കുട്ട്യാമു മുസ്‌ലിയാര്‍, പ്രമുഖ പണ്‌ഡിതനും കവിയും സാഹിത്യകാരനുമായിരുന്ന വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തിലെ പ്രിന്‍സിപ്പലുമായിരുന്ന അബ്ദു റഹിമാന്‍ എന്ന കുട്ടി മുസ്‌ലിയാര്‍ ശൈഖ്‌ മുഹമ്മദ്‌ മൗലവി ഉഗ്രപുരം എന്നിവര്‍ സഹപാഠികളായിരുന്നു.

മരണം

1996 ആഗസ്‌ത്‌ 19 ന്‌ പുലര്‍ച്ചെ 5.05 ന്‌ ആ ദീപം പൊലിയുകയായിരുന്നു. സുബഹി ബാങ്കിന്റെ ശബ്‌ദ വീചികള്‍ കര്‍ണ്ണപുടങ്ങളില്‍ അലയടിച്ചു കൊണ്ടിരിക്കെ മഹാനവര്‍കളുടെ നയനങ്ങള്‍ അടഞ്ഞു. സമസ്‌തയിലുണ്ടായിരുന്ന പ്രശ്‌നങ്ങളില്‍ മരണത്തോടടുത്ത കാലങ്ങളില്‍ മഹാനവര്‍കളില്‍ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. യോജിപ്പിനുള്ള സാധ്യതകളെ സംബന്ധിച്ചു ചിന്തിക്കുകയും പ്രവര്‍ത്തിച്ചു വരുകയും ചെയ്‌തുവരുമ്പോഴാണ്‌ അദ്ദേഹത്തിന്റെ അന്ത്യമുണ്ടായത്‌. മരണവാര്‍ത്തകേട്ട്‌ നാടും നഗരവും ഞെട്ടി എല്ലാ ഊടു വഴികളും കോഴിക്കോേടക്കൊഴുകി വെള്ളിമാടുകുന്നിലേക്കുള്ള വഴികള്‍ ശുഭ്ര വസ്‌ത്ര ധാരികളാല്‍ നിറഞ്ഞു. പരസഹസ്രം ശിഷ്യ ഗണങ്ങളുടെയും അനുയായി വൃന്ദത്തിന്റെയും സാന്നിധ്യത്തില്‍ പുതിയങ്ങാടിയിലെ വരക്കല്‍ മുല്ലക്കോയ തങ്ങളുടെ മഖാമിനടുത്ത്‌ മഹാ ഗുരുവിനെ അടക്കം ചെയ്‌തു. മഹാനവര്‍കളുടെ ഒരു പിതാമഹനും വരക്കല്‍ തങ്ങളുടെ മഖാമിനടുത്ത്‌ അന്ത്യവിശ്രമം കൊള്ളുന്നു

Sunday, February 2, 2014

ശൈഖുനാ കണ്ണിയത്ത് ഉസ്താദ്


മരക്കാട്ടുപറമ്പില്‍ കണ്ണിയത്ത് ഉണ്ണിമൊയ്തീന്‍ മകന്‍ അവറാന്‍കുട്ടി മൊല്ലയുടേയും, മൂലക്കടവന്‍ പടമുഖത്ത് മുഹമ്മദ്കുട്ടി മകന്‍ ചങ്ങര സ്വദേശി ചുള്ളിക്കാട്ടില്‍ അബ്ദുറഹ്മാന്‍കുട്ടി മകള്‍ ഖദീജ ഉണ്ണിയുടേയും മകനായി 1900 ജനുവരി 17-നു മഞ്ചേരിക്കടുത്ത തോട്ടക്കാട് എന്ന സ്ഥലത്താണ് അഹ്മദ് മുസ്‌ലിയാര്‍ ജനിച്ചത്. ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളുമായി അറേബ്യയില്‍ നിന്നു വന്ന മാലിക്ബ്‌നുദീനാറിന്റെ സഹോദര പുത്രനാണ് അഹ്മദ് മുസ്‌ലിയാരുടെ പൂര്‍വ്വ പിതാമഹന്‍.

അഹ്മദ് മുസ്‌ലിയാരുടെ ബാല്യദശ പിന്നിടുന്നതിന്റെ മുമ്പുതന്നെ പിതാവ് ഇഹലോകവാസം വെടിഞ്ഞു. മൂത്ത സഹോദരന്‍ ഉണ്ണി മൊയ്തീന്റെ സംരക്ഷണത്തിലാണ് അദ്ദേഹം വളര്‍ന്നത്. റഈസുല്‍ ഖാരിഈന്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ സ്മര്യപുരുഷന്റെ മൂത്ത സഹോദരനും, മീറാന്‍ ശാഹുല്‍ ഹമീദ് വലിയ്യ് ഇളയ സഹോദരനുമാണ്. എല്ലാവരും ഉന്നത പദവി നേടിയവര്‍. ഉണ്ണമൊയ്തീന്റെ മരണത്തെ തുടര്‍ന്ന് കുടുംബഭാരം അബ്ദുറഹ്മാന്‍ മുസ് ലിയാരുടെ ഉത്തരവാദിത്വത്തിലായിത്തീര്‍ന്നു. അദ്ദേഹവും, സഹോദരങ്ങളും ഉപരിപഠനാര്‍ത്ഥം വാഴക്കാട് ദാറുല്‍ ഉലൂമില്‍ ചേര്‍ന്നപ്പോള്‍, 1912-ല്‍ മാതാവും സഹോദരിയും, വാഴക്കാട് സ്ഥിരതാമസമാക്കി. വരുമാന മാര്‍ഗ്ഗങ്ങളൊന്നുമില്ലാതിരുന്ന ആ കുടുംബം കടുത്ത ദാരിദ്ര്യത്തിലാണ് കഴിഞ്ഞിരുന്നത്. അരമുണ്ടും, തൊപ്പിയും ധരിച്ചുകൊണ്ടായിരുന്നു കഥാപുരുഷന്‍ ക്ലാസ്സുകളില്‍ ഹാജരായിരുന്നത്.

പണിക്കര്‍പ്രായില്‍ മണ്ണില്‍തൊടിക നിസ്‌ക്കാരപ്പള്ളിയില്‍ ജ്യേഷ്ഠസഹോദരന്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ദര്‍സ് ആരംഭിച്ചപ്പോള്‍ അഹ്മദ് മുസ്‌ലിയാരും അവിടെ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. അവിടെനിന്നാണ് ദാറുല്‍ ഉലൂമില്‍ ചേര്‍ന്നത്. ഇടക്കാലത്ത് അദ്ദേഹം ദാറുല്‍ ഉലൂം വിട്ട് ഊരകം പള്ളിദര്‍സില്‍ ചേര്‍ന്നു. അല്‍പ്പകാലത്തിനു ശേഷം വീണ്ടും ദാറുല്‍ ഉലൂമിലേക്കു തന്നെ തിരിച്ചുവന്നു. ഖുതുബി മുഹമ്മദ് മുസ്‌ലിയാരാണ് സ്മര്യപുരുഷന്റെ പ്രധാന ഗുരുനാഥന്‍. ചെറുശ്ശേരി അഹ്മദ്കുട്ടി മുസ്‌ലിയാര്‍, പള്ളിപ്പുറം യൂസുഫ് മുസ്‌ലിയാര്‍, വൈത്തല അഹ്മദ്കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയ പ്രഗത്ഭരും അദ്ദേഹത്തിന്റെ ഉസ്താദുമാരാണ്. തലപ്പെരുമണ്ണ, മൊറയൂര്‍, നെല്ലിപ്പറമ്പ് എന്നീ സ്ഥലങ്ങളിലും അദ്ദേഹം ഓതി താമസിച്ചിട്ടുണ്ട്.

തത്വശാസ്ത്രം, അലങ്കാര ശാസ്ത്രം, വചനശാസ്ത്രം, ആത്മ സംസ്‌ക്കരണം, വ്യാകരണം, ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രം, തര്‍ക്കശാസ്ത്രം തുടങ്ങിയ വിജ്ഞാനശാഖകളില്‍ അഗാധ അറിവാണ് കണ്ണിയത്തിനുണ്ടായിരുന്നത്. ദീനീ വിഷയങ്ങളിലുണ്ടാകുന്ന ഏതുപ്രശ്‌നത്തിനും, പ്രതിവിധിക്കായി ജനങ്ങള്‍ സമീപിച്ചിരുന്ന ആ പ്രഗത്ഭമുഫ്തിയില്‍ നിന്നും അമൂല്യങ്ങളായ കൃതികള്‍ സമുദായത്തിനു ലഭിച്ചിട്ടുണ്ട്. ‘തസ്ഹീലു മത്വാലിബുല്‍ സ്വഹിയ്യഃ’ എന്ന അറബി വ്യാകരണവും, ‘റദ്ദുല്‍ വഹാബിയ്യഃ’ യും അവയില്‍പ്പെട്ടതാണ്.

ഇസ്‌ലാമിന്റെ വിധിവിലക്കുകള്‍ പൂര്‍ണ്ണമായും ജീവിതത്തില്‍ പകര്‍ത്തിയിരുന്ന അദ്ദേഹം ഒരു കറാഹത്ത് പോലും വന്നു ഭവിക്കുന്നത് ഭയന്നിരുന്നു!! തെറ്റായ പ്രവര്‍ത്തികള്‍ ആരില്‍ നിന്നു കണ്ടാലും മുഖം നോക്കാതെ പ്രതികരിക്കല്‍ ആ മഹാനുഭാവന്റെ പ്രത്യേകതയാണ്. സത്യസന്ധത, സൂക്ഷ്മത, ബുദ്ധിവൈഭവം, സല്‍സ്വഭാവം, വിനയം തുടങ്ങി എല്ലാ നല്ല ഗുണങ്ങളുമടങ്ങിയ കണ്ണിയത്ത് സമ്പത്തോ, ഭൗതിക പദവികളോ അല്‍പംപോലും ആഗ്രഹിക്കാത്ത സൂഫീവര്യനായിരുന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഇലമായുടെ ആദ്യകാല നേതാക്കളില്‍ ഒരാളും, സമസ്തയുടെ അനസ്യൂതമായ വളര്‍ച്ചയ്ക്ക് നിസ്തുലമായ പങ്കുവഹിച്ച മഹാനുവായ ആദ്ദേഹം 1967 മുതല്‍ 1993-ല്‍ വഫാത്താകുന്നവരെ സമസ്തയുടെ പ്രസിഡന്റായിരുന്നു. നിഷ്‌ക്കളങ്കതയുടെ നിറകുടമായിരുന്ന ആ മഹാപ്രതിഭയുടെ പ്രാര്‍ത്ഥനകള്‍ ഒന്നുംതന്നെ പാഴായിപ്പോകാതെ ഫലിച്ചുകൊണ്ടിരിക്കുന്നു എന്നത് ഇന്നിന്റെ ചരിത്ര സത്യമാണ്.

അരനൂറ്റാണ്ടുകാലം വിവിധ പള്ളികളിലും, അറബിക് കോളേജുകളിലും ജനങ്ങള്‍ക്ക് വിദ്യ പകര്‍ന്നു കൊടുത്ത കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍ അനാരോഗ്യം കാരണം പതിനഞ്ച് വര്‍ഷക്കാലം വീട്ടില്‍ വിശ്രമജീവിതം നയിച്ചു. 1933, 1950, 1970 -കളില്‍ വാഴക്കാട് ദാറുല്‍ ഉലുമില്‍ മുദര്‍സായി സേവനം ചെയ്തു. 1941 മുതല്‍ 44 വരെ മാട്ടൂലിലും, 1949-ല്‍ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലും മുദര്‍റിസായി സേവനം ചെയ്തു. 1967-ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിലും, 1973-ല്‍ പാറക്കടവ് ഉമ്മത്തൂര് സഖാഫത്തുല്‍ ഇസ്‌ലാം അറബിക് കോളേജിലും പ്രിന്‍സിപ്പലായി സേവനം ചെയ്തിട്ടുണ്ട്. അതിനിടയ്ക്ക് കുറച്ചുകാലം വടക്കെ മലബാറിലെ തുരുത്തിലും അദ്ദേഹം അധ്യാപനം നടത്തിയിരുന്നു.
ആയംകുടിയില്‍ അഹമ്മദിന്റെ മകള്‍ ആയിശയാണ് അഹ്മദ് മുസ്‌ലിയാരുടെ പ്രഥമ പത്‌നി. അതില്‍ സന്താനങ്ങളൊന്നും ഉണ്ടായില്ല. വാഴക്കാട് ഖാളിയായിരുന്ന പൂവാടിയില്‍ ആലിക്കുട്ടി മുസ്‌ലിയാരുടെ മകള്‍ ആയിശയെയാണ് മഹാനവര്‍കള്‍ രണ്ടാമതായി വിവാഹം ചെയ്തത്. അതില്‍ നാലുമക്കള്‍. ഫാത്വിക, ഖദീജ, മുഹമ്മദ് (കുഞ്ഞുമോന്‍ മുസ്‌ലിയാര്‍), അബ്ദുള്ളക്കുട്ടി എന്നിവര്‍.

ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, മലയമ്മ അബൂബക്കര്‍ മുസ്‌ലിയാര്‍, വണ്ടൂര്‍ എരിയക്കളത്തില്‍ ചെറീതു മുസ്‌ലിയാര്‍, കുട്ട്യേമു മുസ്‌ലിയാര്‍, അണ്ടോണ അബ്ദുള്ള മുസ്‌ലിയാര്‍, സയ്യിദ് അബ്ദുറഹ്മാന്‍ കുഞ്ഞിക്കോയതങ്ങള്‍, കെ.കെ. അബ്ദുള്ള മുസ്‌ലിയാര്‍, അതിക്കല്‍ അബ്ദുള്ള മുസ്‌ലിയാര്‍, കാളികാവ് ഒ.കെ. മുഹമ്മദ് മുസ്‌ലിയാര്‍, കേക്കീല്‍ അഹമ്മദ് മുസ്‌ലിയാര്‍, അബൂസ്വാലിഹ് മുഹമ്മദ് മൗലവി തുടങ്ങിയ പ്രഗത്ഭരെല്ലാം ആ മഹാനുഭാവനില്‍ നിന്ന് വിദ്യ നുകര്‍ന്നവരാണ്.

കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളേയും ദു:ഖത്തിലാഴ്ത്തിക്കൊണ്ട് ആ ദിവ്യജ്യോതിസ്സ് 1993 സെപ്തംബര്‍ 19-ന് പരലോക യാത്രയായി. വാഴക്കാട് പഴയ ജുമാമസ്ജിദ് അങ്കണത്തില്‍ ദാറുല്‍ ഉലൂമിന്റെ അടുത്താണ് ഉസ്താദിന്‍റെ ഖബറിടം.

Friday, January 24, 2014

പ്രവാചകന്റെ മുഹ്ജിസതും ശാസ്ത്രത്തിന്‍റെ അന്വേഷണങ്ങളും


ഇബ്നു അബ്ബാസ്(റ) പറയുന്നു: ഒരുദിവസം ഖുറൈശികള്‍ നബി(സ)ക്കരികില്‍ വന്നു. കൂട്ടത്തില്‍ അബൂജഹല്‍, വലീദ്, ആസ്വിമുബ്നു വാഇല്‍, തുടങ്ങി ശത്രുക്കളുടെ നീണ്ട നിര തന്നെയുണ്ട്‌.

"മുഹമ്മദേ, നീ സത്യവാനാണെങ്കില്‍ ചന്ദ്രനെ രണ്ടായി പിളര്ത്തിലക്കാണിച്ചു തരൂ. ചന്ദ്രന്റെണ ഒരു പാതി അബൂഖുബൈസ് പര്വകതത്തിലും മറുപാതി ഖുഅയ്നുഖആനിലും ദൃശ്യമാകണം".

നബി(സ)യെ പരിഹസിക്കുന്ന രൂപത്തിലാണ് സംസാരം.

"ശരി അതാ നോക്കിക്കോളൂ".
തിരുനബി(സ) ആകാശത്തേക്ക് ചൂണ്ടി പറഞ്ഞു.

ശത്രുക്കള്‍ നോക്കുമ്പോള്‍ ചന്ദ്രന്‍ രണ്ടായി പിളര്ന്നി രിക്കുന്നത് കണ്ടു. അവര്ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. കാണുന്നത് സത്യം തന്നെയാണോ?

അവര്‍ കണ്ണുകള്‍ തുടച്ചു നോക്കി. ശരി തന്നെ. ചന്ദ്രന്‍ പിളര്ന്നി രിക്കുന്നു. കണ്ണുകള്‍ പിന്നെയും തുടച്ച് ഒന്നുകൂടി നോക്കി. കാണുന്നത് യാഥാര്ത്ഥ്യം തന്നെയാണ്.


"മുഹമ്മദിന്റെക തന്ത്രമാണിതെന്നു തോന്നുന്നു; വെറും കണ്കെട്ട്".
ചിലര്‍ പറഞ്ഞു.

"കണ്കെമട്ടാണെങ്കില്‍ എല്ലാവരുടെയും കണ്ണുകള്‍ മായാജാലത്തില്‍ പെടുത്താന്‍ അവനാകില്ലല്ലോ? ഒരു കാര്യം ചെയ്യൂ. നിങ്ങള്‍ സുഫ്ഫാറിലേക്ക് ചെല്ലൂ. നാം കണ്ടത് അവരും കണ്ടുവെന്ന് ഉറപ്പായാല്‍ ഇത് സത്യമാണെന്ന് ഉറപ്പിക്കാം".

അവര്‍ ഉടന്‍ സുഫ്ഫാറിലേക്ക് തിരിച്ചു. ചന്ദ്രന്‍ പിളര്ന്ന തിന് അവരും സാക്ഷികലായിരിക്കുന്നു.
(ഹിജ്റയുടെ അഞ്ചു വര്ഷംഉ മുമ്പാണ് ഈ അത്ഭുത സംഭാവം നടന്നത്)

യാനബീ സലാം അലൈകും..യാ റസൂല്‍ സലാം അലൈകും..
നബി സ്വല്ലള്ളാഹു അലൈഹി വസല്ലമ ഇസ്ലാമിക പ്രബോധന കാലത്ത് ചന്ദ്രനെ രണ്ടായി പിളര്ത്തി തന്നെ എതിര്ത്തിരുന്ന അബൂ ജാഹിലിനും കൂട്ടുകാര്ക്കും മുഅ-ജിസത്ത് (അത്ഭുതസിദ്ധി) കാണിച്ചിരുന്നു

ചന്ദ്രന്‍ പിളരുകയും പിന്നീട് കൂടിചേരുകയും ചെയ്തു എന്ന് നീല്‍ ആംസ്ട്രോങ്ങ്‌ 1969 ല്‍ പറയുകയുണ്ടായി

.നാസ പുറത്തുവിട്ട ചന്ദ്രന്റെ ഉപരിതലത്തിലെ പിളര്ന്നു അടയാളത്തില്‍ നോക്കി ശാസ്ത്രം അന്താളിച്ചു നിന്നുപോയ നിമിഷങ്ങള്‍

എങ്ങനെ ചന്ദ്രന്‍ പിളര്ന്നു എന്ന് നീണ്ട ഗവേഷണങ്ങള്‍,വാദപ്രതിവാദങ്ങള്‍.പിളെര്ന്നെുങ്കില്‍ തന്നെ അതെങ്ങനെ കൂടിച്ചേര്ന്നു എന്ന് കണ്ടെത്തുവാനുള്ള കോടികള്‍ ചിലവിട്ടുള്ള അന്വേഷണങ്ങള്‍.ഒടുവ
ില്‍ ,ആരോ പറഞ്ഞു ,നീല്‍ ആംസ്ട്രോങ്ങ്‌ ചന്ദ്രനില്‍ പോകുന്നതിനും നൂറ്റാണ്ടുകള്ക്കുഷ മുന്പ്ന തന്നെ ഒരു ഗ്രന്ഥത്തില്‍ ചന്ദ്രന്‍ പിളരും എന്ന് രേഖപ്പെടുത്തിയിരിക്കുന്നു എന്ന് . ഏകദേശം 1400 വര്ഷം പഴക്കമുള്ള ഒരു ഗ്രന്ഥം.ഗവേഷണങ്ങള്ക്ക്ൂ‌ വിരാമമിട്ടു ശാസ്ത്രം ആ ഗ്രന്ഥം റെഫര്‍ ചെയ്തു.
ഒട്ടകം അല്ലാത്ത ഒരു വാഹനത്തെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ലാത്ത നൂറ്റാണ്ടില്‍ അറേബ്യയുടെ മണ്ണില്‍ നിരക്ഷരനായ മുഹമ്മദ്‌ എന്ന മനുഷ്യന് തന്റെ സമൂഹത്തിനു പഠിപ്പിച്ചു കൊടുക്കാന്‍ ദൈവം കൊടുത്ത ഗ്രന്ധമാണത്രേ അത് .ശാസ്ത്രം വീണ്ടും പകച്ചു.നിരക്ഷരനായ ഒരു മനുഷ്യന് ഇതെങ്ങനെ അറിയാം...??? അവര്‍ പ്രമുഖ പണ്ഡിതന്മാരുടെ റിപ്പോര്ട്ടുകകള്‍ റെഫര്‍ ചെയ്തു.കാര്യം മനസ്സിലായി.ആ മനുഷ്യന്‍ നിസാരക്കാരനല്ല..അത് ലോകാവസാനത്തിന്റെ അടയാളങ്ങളില്‍ ഒന്നാണ്.പിളര്തിയത് മറ്റാരുമല്ല മദീനയുടെ രാജകുമാരന്‍ അന്ത്യ പ്രവാചകന്‍ നബി മുഹമ്മദ്‌ ..ചന്ദ്രന്‍ പിളര്ന്നെന്നു പറഞ്ഞത് വിശുദ്ധ ഖുര്ആളന്‍

[Quran 54:1] The Hour has come closer, and the moon has split.
.
ശാസ്ത്രം സമ്മതിച്ചു ശരിയാണ്.ചന്ദ്രനെ പിളര്ന്നുമാറ്റി വീണ്ടും കൂട്ടിച്ചേര്ത്തു സത്യനിഷേധികള്ക്ക്ച‌ മുഹമ്മദ്‌ നബി കാട്ടിക്കൊടുത്തപ്പോള്‍...അവര്ക്ക് കാര്യം മനസ്സിലായി.പിന്നല്ലേ ശാസ്ത്രത്തിനു.ഒരുപാട് രഹസ്യങ്ങളുടെ കലവറയാണ് ഖുര്ആ ന്‍.അതില്‍ കെട്ടുകഥകളല്ല.മനുഷ്യന്റെ ജനന രഹസ്യം ആധുനിക വൈദ്യശാസ്ത്രം കണ്ടുപിടിച്ചിട്ട് അധികനാളായിട്ടില്ല.അപ്പൊ 1400 വര്ഷരങ്ങള്ക്കുി മുന്പ്് ഖുര്ആടന്‍ അത് വിവരിച്ചത് ഏത് സാങ്കെതിക വിദ്യയുടെ സഹായത്തിലാണ്.ചെങ്കടലില്‍ ഫറോവയുടെ മൃതശരീരം കേടുകൂടാതെ കിടപ്പുണ്ട് എന്ന് പറഞ്ഞത് ഏത് അന്തര്വാുഹിനിയുടെ സഹായത്തിലാണ്. അത് കേടുകൂടാതെ ശാസ്ത്രം വലിച്ചു പുറത്തേക്ക് എടുക്കുന്നത് ലോകം കണ്ടതാണ്.നാലുമാസം പ്രയമാകുംപോഴാനു ഒരു ഗര്ഭനസ്ഥ ശിശുവിന്റെ ലിംഗ നിര്ണുയം നടക്കുള്ളൂ എന്ന് വിശുദ്ധ ഖുര്ആറന്‍ പറഞ്ഞത് ഏത് വൈദ്യശാസ്ത്ര ഉപകരണത്തിന്റെ സഹായത്തോടെയാണ് .ഇതെല്ലാം സത്യമെന്ന് ആധുനിക ശാസ്ത്രം നൂറ്റാണ്ടുകള്ക്കു ശേഷം സാക്ഷ്യപ്പെടുത്തുമ്പോള്‍.പിന്നെ ആരാണ് ഇതെല്ലാം പറഞ്ഞത് ,..? ??
നമ്മെ ശ്രിഷ്ട്ടിച്ചു പരിപാലിക്കുന്ന അല്ലാഹുവല്ലാതെ...,

Wednesday, January 1, 2014

പ്രവാചകന്‍ മുഹമ്മദ്‌ മുസ്തഫാ (സ)

“അവര്‍ (മുഹമ്മദ്‌നബി(സ)) ആകൃതിയാലും പ്രകൃതിയാലും പൂര്‍ണ്ണനാണ്. പടപ്പുകളെ പടച്ചവന്‍ പിന്നീടവരെ തന്‍റെ ഹബീബായി തെരഞ്ഞെടുത്തു. സൗന്ദര്യത്തില്‍ പ്രവാചകര്‍ക്ക് തുല്യരില്ല. സൗന്ദര്യത്തിന്‍റെ രത്നം അവരില്‍ വിഭജിക്കപ്പെടാതെ കിടക്കുകയാണ്" (ഇമാം ബുസൂരി (റ)).
      ആഗോള ചരിത്രത്തില്‍ എക്കാലത്തും സ്മരിക്കപ്പെടുന്ന ഒട്ടനവധി മനുഷ്യപുത്രര്‍ കഴിഞ്ഞു പോയിട്ടുണ്ട്. അവരില്‍ ഓരോരുത്തരും പലവിധ മേഘലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരും വിജയം നേടിയവരുമാണ്. ലോകം മുഴുവന്‍ അടക്കി വാണ ചക്രവര്‍ത്തിമാരും ഭരണകര്‍ത്താക്കളും, അടര്‍ക്കളത്തില്‍ ആയുധം കൊണ്ട്  അമ്മാനമാടിയ ധീരയോദ്ധാക്കളും, സാമൂഹിക തിന്മകളെ നിഷ്കാസനം ചെയ്ത പരിഷ്കര്‍ത്താക്കളും, സമുദായങ്ങളെ സമുദ്ധരിച്ച പ്രവാചകന്മാരും, മനുഷ്യ മനസ്സുകളെ ഊതിക്കാച്ചി ശുദ്ധീകരിക്കുന്ന ചിന്താ ശകലങ്ങള്‍ പകര്‍ന്ന്‍ നല്‍കിയ താത്വികാചാര്യന്മാരും അങ്ങിനെ അങ്ങിനെ ചരിത്രം തങ്കലിപികളാല്‍ കോറിയിട്ട ജീവ ചരിത്രത്തിന്‍റെ ഉടമകള്‍.
പക്ഷെ, വിശ്വപ്രസിദ്ധ സാഹിത്യകാരന്‍ ജോര്‍ജ് ബര്‍ണാഡ് ഷാ നല്‍കിയപോലെ കോടിക്കണക്കിന് മനുഷ്യര്‍ക്കിടയില്‍ മുഹമ്മദ്‌ (സ) തങ്ങള്‍ക്ക് ആഗോള സമൂഹം ആര്‍ക്കും നല്‍കാത്ത സ്ഥാനമാണ് നല്‍കിയത്. പ്രത്യേകിച്ച് ഇസ്ലാമിനെയും മുസ്‌ലിമുകളെയും തരം കിട്ടുമ്പോഴൊക്കെ താറടിച്ച് കാണിക്കാന്‍ പാശ്ചാത്യലോകം മത്സരത്തിലായിരിക്കുമ്പോള്‍! ജോര്‍ജ് ബര്‍ണാഡ് ഷാ THE HUNDRED എന്ന പുസ്തകത്തിലും, സര്‍ വില്യം മൂര്‍ THE LIFE OF MUHAMMAD എന്ന കൃതിയിലും, ബോസ് വര്‍ത്ത് സ്മിത്ത് MUHAMMAD AND MUHAMMADANISM എന്ന രജനയിലും നബിതങ്ങളെ വാനോളം പുകഴ്ത്തി.
അതെ! സത്യസന്ധമായും വസ്തുനിഷ്ഠമായും, നിക്ഷ്പക്ഷമായും ചിന്തിക്കുകയും പഠിക്കുകയും ചെയ്‌താല്‍ മേല്‍ പറഞ്ഞ ശാസ്ത്രജ്ഞരെയും സാഹിത്യകാരന്മാരെയും പോലെ ആര്‍ക്കും വ്യക്തമായി മനസ്സിലാകുന്ന വിധം ആവിഷ്കരിക്കപ്പെട്ടതാണ് മുത്ത് നബി (സ) യുടെ ജീവിതം! സമാനതകളില്ലാത്ത, ന്യൂനതകളില്ലാത്ത, സമ്പൂര്‍ണതയുടെ പര്യായമായ മനുഷ്യ ജന്മം! മനുഷ്യ വംശത്തില്‍ ആര്‍ക്കും സ്രഷ്ടാവ് പൂര്‍ണത നല്‍കിയിട്ടില്ല. നല്‍കിയത് ആദരവായ നബി (സ) തങ്ങള്‍ക്ക് മാത്രമായിരുന്നു. അത് കൊണ്ട് തന്നെ ആ ജീവിതം മനുഷ്യ വംശത്തിന്‍റെ ജീവിത വഴിയിലെ മുഴുവന്‍ പേയിന്‍റുകളും സ്പര്‍ശിച്ചു. എത്രത്തോളമെന്നാല്‍ അവര്‍ എന്തൊക്കെ ആയിരുന്നു എന്നതിന് പകരം എന്താണ് അല്ലാതിരുന്നത് എന്ന് ചിന്തിച്ചാല്‍ മതിയാകുന്ന അവസ്ഥ. വലിയ ഭരണകര്‍ത്താക്കള്‍ക്ക് നബി (സ) തങ്ങളില്‍ ഒരു ഭരണാധിപന്‍ പുലര്‍ത്തേണ്ട കര്‍ശനമായ- എന്നാല്‍ ദയാ വായ്പുള്ള മാതൃക ദര്‍ശിക്കാമായിരുന്നു. നേതാക്കളോടാണ് നിങ്ങള്‍ ഓരോരുത്തരും നാളെ റബ്ബിന്‍റെ മുമ്പില്‍ ചോദ്യം ചെയ്യപ്പെടുന്നവരാണെന്ന് അവര്‍ പറഞ്ഞത്. സേനാ നായകനും പടയാളിയുമായ നബി (സ) തങ്ങള്‍ ആ ജോലിയിലേര്‍പ്പെട്ടവര്‍ക്ക് വഴികാട്ടിയാണ്. സ്ത്രീകളെയും കുട്ടികളെയും വധിക്കരുത്, വൃക്ഷങ്ങള്‍ മുറിക്കരുത് തുടങ്ങിയ കല്‍പനകള്‍ പുറപ്പെടുവിക്കുകയും അത് നടപ്പിലാക്കി കാണിച്ചുകൊടുക്കുകയും ചെയ്തു. കുടുംബ നാഥനായ പ്രവാചകന്‍ (സ) ഒരു കുടുംബത്തില്‍ അനുവര്‍ത്തിക്കപ്പെ‌‍‌‌‌ടേണ്ട മുഴുവന്‍ കാര്യങ്ങളും സ്വജീവിതത്തിലൂടെ വരച്ചുകാണിച്ചു. പിതാവായി മകള്‍ ഫാത്തിമ (റ) യെ ചുംബിക്കുകയും വാത്സല്യത്തോടെ അടുത്തിരുത്തുകയും ചെയ്തില്ലേ? ഭര്‍ത്താവായി മഹതി ആഇശ (റ) അടക്കം തന്‍റെ മുഴുവന്‍ ഭാര്യമാരുടെയും പ്രേമ കടാക്ഷങ്ങള്‍ ഏറ്റു വാങ്ങിയില്ലേ? അങ്ങിനെ നോക്കിയാല്‍,  ആര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്തത്ര ഉയരത്തില്‍ എത്തിച്ചേര്‍ന്ന ആത്മീയാചാര്യന്‍, അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറക്കുന്നവന്‍ നമ്മില്‍ (മുസ്ലിമുകളില്‍) പ്പെട്ടവനല്ല എന്ന് പ്രഖ്യാപിച്ച ഉത്തമനായ അയല്‍കാരന്‍, സ്ഥാന വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരുമായും ഒരുപോലെ വര്‍ത്തിച്ച സഹപ്രവര്‍ത്തകന്‍ അതെ! താന്‍ സഞ്ചരിച്ച ജീവിത വഴിയിലെല്ലാം വെളിച്ചം വിതറിയ വിളക്കുമാടമായിരുന്നു, പ്രകാശഗോപുരമായിരുന്നു വന്ദ്യപ്രവാചകന്‍ (സ്വല്ലള്ളാഹു അലൈഹി വ സല്ലം).
ആ പുണ്യ നബി (സ) യുടെ അനുചര വൃന്ദത്തില്‍ ഒരംഗമാവാന്‍ ഭാഗ്യം സിദ്ധിച്ചതിന് ഈ റബീഇന്‍റെ രാവുകളില്‍ നമുക്ക് നാഥന് സ്തുതി പറയാം (مولد കളില്‍ പങ്കെടുക്കാം) മറ്റെല്ലാ നേതാക്കളെയും വിട്ട് ആ കാരുണ്യ പൂമാന്‍റെ നേതൃത്വത്തിന്‍ കീഴില്‍ നമുക്ക് സംഗമിക്കാം. അവിടുത്തെ മാതൃക പിന്‍പറ്റി ജീവിക്കുമെന്ന് പ്രതിജ്ഞയെടുക്കാം. അല്ലാഹു തൗഫീഖ് നല്‍കട്ടെ എന്ന പ്രാര്‍ത്തനയോടെ.