Search This Blog

Sunday, October 13, 2013

നൂറ്റാണ്ടുകള്‍ക്കു മുമ്പ് മുഹമ്മദ് നബി(സ) ഹജ്ജ് തീര്‍ത്ഥാടകരോട് മൊഴിഞ്ഞ വിടവാങ്ങല്‍ പ്രഭാഷണം


ജനങ്ങളേ,എന്‍റെ വാക്കുകള്‍ കേള്‍ക്കുവീന്‍.
ഇനിയൊരിക്കല്‍ ഇവിടെവെച്ച് നിങ്ങളുമായി

കാണാന്‍ കഴിയുമോ എന്നെനിക്കറിയില്ല.

ജനങ്ങളെ,നിങ്ങളുടെ രക്തവും ധനവും അഭിമാനവും
ദൈവവുമായി നിങ്ങള്‍ കണ്ടുമുട്ടുന്നനാള്‍ വരെ പവിത്രമാണു.
ഈ ദിവസവും ഈ മാസവും പവിത്രമായത്പോലെ.
തിര്‍ച്ചയായും നിങ്ങള്‍ നിങ്ങളുടെ നാഥനെ സന്ധിക്കും.
അവന്‍ നിങ്ങളോട് നിങ്ങളുടെ പ്രവര്‍ത്തികളെക്കുറിച്ചു ചോദിക്കും.
ഈ സന്ദേശം ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതന്നിരിക്കുന്നു.
ആരുടേയെങ്കിലും കൈവശം സൂക്ഷിപ്പുമുതലുകളുണ്ടെങ്കില്‍
അത് വിശ്വസിച്ചേല്പിച്ചവര്‍ക്ക് തിരിച്ച് നല്‍കുക.
പലിശ ഇന്നുമുതല്‍ റദ്ദ് ചെയ്തിരിക്കുന്നു.
പക്ഷെ,മൂലധനം നിങ്ങള്‍ക്ക് അവകാശപ്പെട്ടതാണു.
നിങ്ങള്‍ അക്രമം ചെയ്യരുത്,നിങ്ങളെ ആരും അക്രമിക്കയുമില്ല.
പലിശ പാടില്ലെന്ന് ദൈവം ആജ്ഞാപിച്ചിരിക്കുന്നു.
അബ്ബാസ് ഇബ്നു അബ്ദില്‍മുത്തലിബിനു കിട്ടാനുള്ള
എല്ലാ പലിശയും ഇതോടെ അസാധുവായിരിക്കുന്നു.
അവിവേകകാലത്തെ കുടിപ്പകകളെല്ലാം ഈദിവസത്തോട് കൂടി
ദുര്‍ബലമായിരിക്കുന്നു.ഇബ്നു റബീഅയുടെ വധത്തിനു
പ്രതികാരം ചെയ്യാനുള്ള ബന്ധുക്കളുടെ കുടിപ്പകാവകാശമാണു
ഇതില്‍ ആദ്യമായി ഞാന്‍ റദ്ദ് ചെയ്യുന്നതു.ഇബ്നുറബീഅയെ
ഹുദൈല്‍ ഗോത്രക്കാര്‍ കൊന്നുകള്‍ഞ്ഞിരുന്നുവല്ലോ.

ജനങ്ങളേ,ഈ പുണ്യഭൂമിയില്‍ വെച്ചു പിശാച് ഇനി
ആരാധിക്കപ്പെടുകയില്ല.അതിനാല്‍ അവന്‍ നിരാശനാണു.
എന്നാല്‍ ചെറിയ കാര്യങ്ങളില്‍ നിങ്ങള്‍ അവനെ
അനുസരിക്കയാണെങ്കില്‍,അവന്‍ സംതൃപ്തനായിരിക്കും.
അതിനാല്‍ ജാഗ്രത പാലിക്കുക !

ജനങ്ങളെ,നിങ്ങളുടെ പത്നിമാരില്‍ നിങ്ങള്‍ക്ക് ചില
അവകാശങ്ങളുണ്ട്;അതുപോലെ അവര്‍ക്ക് നിങ്ങളിലും.
സ്ത്രീകളോട് നിങ്ങള്‍ ദയാവായ്പോടെ പെരുമാറുക.
അവര്‍ നിങ്ങളുടെ ആശ്രിതരും പങ്കാളികളുമാണു.
അല്ലാഹു നിങ്ങളെ ഏല്പിച്ച അനാമത്താകുന്നു അവര്‍!

ജനങ്ങളേ,എന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുക.
സ്പഷ്ടമായ രണ്ട് രേഖകള്‍ നിങ്ങള്‍ക്ക് തന്ന് കൊണ്ടാണു
ഞാന്‍ പോകുന്നത്;അതു മുറുകെപ്പിടിക്കുന്ന കാലത്തോളം
നിങ്ങള്‍ വഴിപിഴക്കുകയില്ല തന്നെ.ദൈവത്തിന്‍റെ വേദവും
അവന്‍റെ ദൂതന്‍റെ ചര്യയുമാണതു.

ജനങ്ങളെ, ഞാന്‍ പറയുന്നതു കേള്‍ക്കുവീന്‍.
നിങ്ങളെല്ലാം സഹോദരന്മാരാകുന്നു.
നിങ്ങളെല്ലാം സമന്മാരുമാകുന്നു.
പൊതുവായ ഒരു സാഹോദര്യത്തിലെ അംഗങ്ങളാണു
നിങ്ങളെല്ലാം.ഒരാള്‍ ഇഷ്ടപ്പെട്ട് തരുന്നതൊഴികെ
അവനില്‍നിന്നു മറ്റെന്തെങ്കിലും എടുക്കുന്നതു
നിരോധിച്ചിരിക്കുന്നു.നിങ്ങള്‍ അന്യരുടെ
അവകാശങ്ങളില്‍ കൈവെക്കരുതു.

ജനങ്ങളേ,നിങ്ങളുടെ ദൈവം ഒന്ന്,
നിങ്ങളുടെ പിതാവ് ഒന്ന്,
നിങ്ങളെല്ലാം ആദമില്‍നിന്നാണുണ്ടായതു,
ആദം മണ്ണില്‍ നിന്നും.കൂടുതല്‍
ദൈവഭക്തിയുള്ളവന്‍ കൂടുതല്‍ ശ്രേഷ്ടന്‍.
അറബിക്കു അനറബിയെക്കാളൊ,
അനറബിക്കു അറബിയേക്കാളോ മഹത്വമൊന്നുമില്ല!

അറഫാ ദിനത്തിലെ നോമ്പ്

തിരുനബി (സ) പറഞ്ഞു അറഫാ ദിനത്തിലെ നോമ്പ് കഴിഞ്ഞ ഒരു വര്‍ഷത്തെയും വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും ചെറിയ ദോഷങ്ങള്‍ പൊറുക്കപ്പെടുന്നതാണ്.(മുസ്‌ലിം 2/819)

നബി (സ പറഞ്ഞു: സ്വര്‍ഗത്തിനു റയ്യാന്‍ എന്നുപേരുള്ള ഒരു പ്രത്യേക കവാടമുണ്ട്. നോമ്പനുഷ്ഠിക്കുന്നവരല്ലാതെ മറ്റൊരാളും അതിലൂടെ കടക്കുകയില്ല. (സത്യാസത്യവിവേചനത്തിന്റെ നാള്‍) ചോദിക്കപ്പെടും. നോമ്പനുഷ്ഠിച്ചവരെവിടെ? തല്‍സമയം അവര്‍ ആ കവാടത്തിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കും.പിന്നീട് ആ കവാടം കൊട്ടിയടക്കപ്പെടും. (ബുഖാരി 4/1111, മുസ്ലിം 2/808
നബി (സ)യില്‍ നിന്ന് നിവേദനം: ഒരു ദിവസം വല്ലവനും അല്ലാഹുവിന് വേണ്ടി വ്രതമനുഷ്ഠിച്ചാല്‍ അല്ലാഹു അവനെ നരകത്തില്‍ നിന്നും എഴുപതു വര്‍ഷത്തെ വഴിദൂരത്തേക്ക് മാറ്റിനിര്‍ത്തും. (ബുഖാരി 6/47, 2/808)

നിയ്യത്തിന്റെ സമയം:

സുന്നത് നോമ്പിന് രാത്രി തന്നെ നിയ്യത്ത് ചെയ്യണമെന്നില്ല. ഉച്ചയാകുന്നതിന് മുമ്പ് നിയ്യത്ത് ചെയ്താല്‍ മതിയാകും. ഇതിന് ഉപോല്‍ബലകമായി ഉദ്ധരിക്കുന്ന ഹദീസ് ആയിശ (റ) യില്‍ നിന്നു നിവേദനം ചെയ്യപ്പെടുന്നതാണ്. ഒരു ദിനം റസൂലുല്ലാഹി (സ) എന്നെ സമീപിച്ച് വല്ലതും ‘ക്ഷിക്കാനുണ്േടാ എന്ന് അന്വേഷിച്ചു. ഞാന്‍ ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ ഞാന്‍ നോമ്പുകാരനാണെന്ന് അവിടന്ന് പ്രസ്താവിച്ചു.
ഇന്ന ദിവസത്തെ സുന്നത്ത് നോമ്പ് എന്ന് പ്രത്യേകം നിയ്യത്തില്‍ നിര്‍ണയിക്കേണ്ടതില്ലെന്നാണ് പ്രബല മതം.

അറഫാ നോമ്പ്:

ഹജ്ജ് കര്‍മം നിര്‍വ്വഹിക്കാത്തവര്‍ക്കാണ് അറഫാ ദിനത്തില്‍ -ദുല്‍ഹിജ്ജ ഒമ്പതിന്- നോമ്പനുഷ്ഠിക്കല്‍ ശക്തമായ സുന്നത്തുള്ളത്. കഴിഞ്ഞുപോയ ഒരു വര്‍ഷത്തെയും വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും ചെറിയ ദോഷങ്ങള്‍ പൊറുപ്പിക്കുന്നതാണ് ഈ സുന്നത്ത് നോമ്പ്. മനുഷ്യരുമായി ബന്ധിക്കുന്നതല്ലാത്തവയാണ് ഈ ചെറിയ ദോഷങ്ങള്‍.
ഇതിനു തെളിവ് മുസ്ലിം (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസാണ്. അബൂ ഖതാദ (റ) യില്‍ നിന്നു നിവേദനം. നബി (സ) പറഞ്ഞു: അറഫ ദിനത്തിലെ നോമ്പ് കഴിഞ്ഞ ഒരു വര്‍ഷത്തെയും വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും ചെറിയ ദോഷങ്ങള്‍ പൊറുപ്പിക്കും. (മുസ്ലിം 2/819)

ഹജ്ജ് ചടങ്ങുമായി അറഫയിലുള്ളവര്‍ക്ക് സുന്നതില്ല. മറ്റുള്ളവര്‍ എടുക്കണം. ഓരോ രാഷ്ട്രത്തിലും പ്രവിശ്യയിലും പാര്‍ക്കുന്നവരുടെ മേല്‍ അവരുടെ ദുര്‍ഹിജ്ജ ഒമ്പത് എന്നാണോ എത്തിപ്പെട്ടുന്നത് ആ ദിവസം നോമ്പെടുക്കുക. ഇതിന് വിപരീതമായി അറഫയിലുള്ളവരെ ഉന്നം വെച്ച് നോമ്പെടുക്കാന്‍ ലോകത്തെങ്ങുമുള്ളവര്‍ മുതിര്‍ന്നാല്‍ ചിലരുടെ അറഫ നോമ്പ് ദുല്‍ഹിജ്ജ എട്ടിലും ചിലരുടേത് പത്തിലും ചെന്ന് ചാടി എന്ന് വരും.

Saturday, October 5, 2013

വെളിയങ്കോട് ഉമര്‍ ഖാസി (റ)




അല്ലാഹു എല്ലാ മനുഷ്യരെയും ഒരു പോലെയല്ല സൃഷ്ടിച്ചത്. ചിലരെ ചിലരെക്കാള്‍ ശ്രേഷ്ഠരാക്കി. മഹാന്മാരായ പ്രവാചകന്മാരും മുര്‍സലീങ്ങളും ഏറ്റവും ശ്രേഷ്ഠര്‍ തന്നെ. അല്ലാഹുവിന്റെ ഔലിയാക്കളും സച്ചരിതരുമായ മുന്‍ഗാമികളില്‍ കേരളത്തില്‍ ജീവിച്ചു വഫാത്തായ മഹാനാണ് ഉമര്‍ ഖാസി. സുപ്രസിദ്ധ പണ്ഡിതന്‍ കൂടി ആയിരുന്ന ഉമര്‍ ഖാസി മമ്പുറം ഖുതുബുസ്സമാന്‍ സയ്യിദ്‌ അലവി തങ്ങളുടെ സമകാലികനായിരുന്നു. പ്രവാചക പ്രേമത്തിന്റെ ഈരടികള്‍ തിരു നബി സന്നിധിയില്‍ വെച്ച് ഉരുവിട്ടപ്പോള്‍ റൌള ശരീഫ്‌ തുറക്കപ്പെട്ടതടക്കം നിരവധി കറാമത്തുകള്‍ക്കുടമയാണ്.



ക്രിസ്താബ്ദം 1757 ല്‍ വെളിയംകോട്ട് ജനിച്ചു. ഖാസിയാരകത്ത്‌ ആലി മുസ്ലിയാരാണ് പിതാവ്. പ്രധാനമായും അറിവ് നുകര്‍ന്നത് അക്കാലത്തെ വിശ്രുത പണ്ഡിതാനായിരുന്ന മമ്മിക്കുട്ടി ഖാസിയില്‍ നിന്നാണ്.പൊതുജന സേവന രംഗത്തും തനതായ വ്യക്തി മുദ്ര പതിപ്പിച്ച മഹാനാണ് ഉമര്‍ ഖാസി. ഗാന്ധിജിയുടെ നികുതി നിഷേധ പ്രസ്ഥാനത്തിനും മുമ്പ്‌ നികുതി നിഷേധം നടപ്പിലാക്കിയ ധീര ദേശാഭിമാനിയും സ്വാതന്ത്ര്യ സമര നായകനുമാണദ്ദേഹം. ബ്രിട്ടീഷുകാരോട് മമ്പുറം തങ്ങള്‍ക്കുണ്ടായിരുന്ന ഈര്‍ഷ്യത ഉമര്‍ ഖാസിക്കുമുണ്ടായിരുന്നു. ബ്രിട്ടീഷുകാരന്റെ മര്‍ദ്ദനത്തിലും ചൂഷണത്തിലും പൊറുതി മുട്ടിയ ഇന്ത്യന്‍ ജനതയെ മോചിപ്പിക്കേണ്ടത് മുസല്‍മാന്‍റെ ബാധ്യതയാണെന്നായിരുന്നു മഹാനവര്‍കള്‍ വിശ്വസിച്ചത്. അല്ലാഹു അല്ലാത്ത ഒരു ശക്തിക്കും അടിമപ്പെട്ടു ജീവിക്കില്ലെന്നു ഉറക്കെ പ്രഖ്യാപിച്ചു. ബ്രിട്ടിഷുകാരുമായി ഒരു വിട്ടു വീഴ്ചക്കും തയ്യാറായില്ല. ബ്രിട്ടീഷുകാര്‍ക്കെതിരെ രംഗത്തിറങ്ങാന്‍ ആവശ്യപ്പെട്ടു നിരവധി ഫത്‌വകളും അദ്ദേഹം എഴുതി. ബ്രിട്ടീഷുകാരെ എതിര്‍ത്തതിന്റെ പേരില്‍ ജയില്‍ വാസം അനുഭവിച്ചിട്ടുമുണ്ട്.

മുസ്‌ലിം നവോദ്ധാന നായകനും മികച്ച സാമൂഹ്യ പരിഷ്കര്‍ത്താവു മായിരുന്ന ഉമര്‍ ഖാസി വിശ്രുതനായ ഒരു കവി കൂടിയായിരുന്നു.നിരവധി പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍ രചിച്ചിട്ടുണ്ട്." നഫാഇസുദ്ദുറര്‍, മഖാസിദുന്നികാഹ്, സ്വല്ലല്‍ ഇലാഹ് ബൈത്ത്, അടിക്കണക്ക് ബൈത്ത്" എന്നിവ അവയില്‍ ചിലതാണ്. അസാമാന്യ ധൈഷണിക പ്രഭാവം പ്രകടിപ്പിച്ചു 8 പതിറ്റാണ്ട് ലോകത്തെ വിസ്മയിപ്പിച്ച ആ പണ്ഡിത തേജസ് 1852 ല്‍ അസ്തമിച്ചു. വെളിയംകോട് ജുമുഅത്ത്‌ പള്ളിക്ക് സമീപം മഹാന്‍ അന്ത്യ വിശ്രമം കൊള്ളുന്നു...

Tuesday, October 1, 2013

ഉള്ഹിയ്യത്ത്

വിധിയും വിതരണവും 
അറിഞ്ഞിരിക്കേണ്ട  കാര്യങ്ങള്‍ 

ദുല്‍ഹിജ്ജ പത്തിന്റെ സൂര്യോദയം മുതല്‍ പതിമൂന്നിന്റെ സൂര്യാസ്തമയം വരെയുള്ള സമയത്ത് അല്ലാഹുവിലേക്കടുക്കാന്‍ വേണ്ടി ബലിയറുക്കപ്പെടുന്ന മൃഗ (ആട്, മാട്, ഒട്ടകം)ത്തിനാണു ഉള്ഹിയത്ത് എന്നു പറയുക. ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ് എന്നീ പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ട പുണ്യകര്‍മ്മമാണ് ഉള്ഹിയ്യത്ത്. നബി(സ) പറഞ്ഞു: രക്തമൊലിപ്പിക്കുന്നതിനെക്കാള്‍ അല്ലാഹിവിനു ഇഷ്ടമുള്ള മറ്റൊരു കര്‍മവും ബലിപെരുന്നാളില്‍ മനുഷ്യനില്ല. തീര്‍ച്ചയായും, ബലിമൃഗം അതിന്റെ കൊമ്പുകളും കുളമ്പുകളുമായി ഖിയാമത്ത് നാളില്‍ ആഗതമാകും. അതിന്റെ രക്തം ഭൂമിയില്‍ പതിയുന്നതിന് മുമ്പേ അല്ലാഹുവിങ്കല്‍ ഉന്നതമായ ഒരിടത്തതു സംഭവിച്ചിരിക്കും. അതിനാല്‍ ഉള്ഹിയ്യത്തറുത്ത് നിങ്ങള്‍ ശുദ്ധരായി കൊള്ളട്ടെ. (തുര്‍മുദി, അബൂദാവൂദ്) ബലിമൃഗങ്ങളെ നിങ്ങള്‍ ബഹുമാനിക്കണം. കാരണം അവ സ്വിറാത്ത് പാലത്തിന്‍മേല്‍ നിങ്ങളുടെ വാഹനങ്ങളാണ് എന്നുള്ള നബിവചനം ശ്രദ്ധേയമാണ്.

ഉള്ഹിയ്യത്ത് ഉമ്മത്തിന്റെ ഹഖില്‍ ശക്തിയായ സുന്നത്താണ്. എന്നാല്‍, നബി(സ)ക്കു നിര്‍ബന്ധവുമായിരുന്നു. തുര്‍മുദിയുടെയും ദാറഖുത്വ്‌നിയുടെയും നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പണ്ഡിതന്‍മാര്‍ അക്കാര്യം വ്യക്തമാക്കുന്നു. ബലിപെരുന്നാള്‍ ദിനങ്ങളില്‍ തനിക്കും ആശ്രിതര്‍ക്കും ആവശ്യം വേണ്ടുന്ന ചെലവുകള്‍ കഴിച്ച് സ്വത്തില്‍ ബാക്കിയുള്ള, വിവേവകും തക്‌ലീഫുമുള്ള ഏതൊരു മുസ്‌ലിമിനും ബലിദാനം സുന്നത്താണ്. പിതാവ്, പിതാമഹന്‍ എന്നിവര്‍ക്ക് സന്താനത്തിനുവേണ്ടി സ്വന്തം ധനത്തില്‍നിന്നെടുത്ത് ഉള്ഹിയ്യത്തറുക്കാവുന്നതാണ്. അറുത്തവന് ദാനത്തിന്റെയും കുട്ടിക്ക് ഉള്ഹിയ്യത്തിന്റെയും പ്രതിഫലം ലഭിക്കും. (ശര്‍വാനി 9/367) ഒന്നിലധികം അംഗങ്ങളുള്ള വീട്ടുകാര്‍ക്ക് ഉള്ഹിയ്യത്ത് സുന്നത്ത് കിഫയാണ്. കൂട്ടത്തില്‍ ഒരാള്‍ അറുത്താല്‍ എല്ലാവര്‍ക്കു വേണ്ടിയും അതു മതിയാകുന്നതാണ്. ഒരാളെങ്കിലും അറുക്കാതിരിക്കുന്നത് കറാഹത്താണ്. കുടുംബത്തില്‍ ഒരാള്‍ മാത്രം അറുത്താല്‍ തേട്ടം ഒഴിവായിക്കിട്ടുമെങ്കിലും പ്രതിഫലം മറ്റുള്ളവര്‍ക്ക് ലഭിക്കുകയില്ല. ഒരാളുടെ കര്‍മത്തിന്റെ പുണ്യത്തില്‍ മറ്റുള്ളവരെ കൂടി പങ്കുചേര്‍ത്ത് നിയ്യത്ത് വയ്ക്കുന്നത് ജാഇസാണ്.

സുന്നത്തായ ഉള്ഹിയ്യത്ത് നേര്‍ച്ചയാക്കിയാലതു നിര്‍ബന്ധമായി മാറും. ഞാനിതു ഉള്ഹിയ്യത്താക്കി, ഇത് ഉള്ഹിയ്യത്താണ് എന്നിങ്ങനെ ഒരു മൃഗത്തെ നിര്‍ണയിച്ചു പറഞ്ഞാല്‍ അതോടെ അതു നിര്‍ബന്ധമായിത്തീരും. എന്നാല്‍, വെറും വിവരമറിയിക്കല്‍ എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് ഉള്ഹിയ്യത്താണ് എന്നു പറഞ്ഞതെങ്കില്‍ നിര്‍ബന്ധമാകില്ലെന്ന് സയ്യിദ് ഉമര്‍ ബസരി(റ) അഭിപ്രായപ്പെട്ടിരിക്കുന്നു. (കുര്‍ദി 2/204)

ഉള്ഹിയ്യത്തുദ്ദേശിച്ചവനു ദുല്‍ഹിജ്ജ ആദ്യത്തെ പത്തു ദിവസങ്ങളില്‍ മുടി, നഖം പോലുള്ളവ നീക്കംചെയ്യാതിരിക്കല്‍ സുന്നത്തുണ്ടെന്നു മാത്രമല്ല, നീക്കുന്നത് കറാഹത്തുമാണ്. ഹറാമാണെന്നും അഭിപ്രായമുണ്ട്. എന്നാല്‍, ഒന്നില്‍ കൂടുതല്‍ മൃഗത്തെ അറുക്കുന്നുണ്ടെങ്കില്‍ ഒന്നാമത്തേത് അറുക്കലോടെ കറാഹത്തില്ലാതെയാകുന്നതാണ്. എങ്കിലും നല്ലത്, എല്ലാത്തിനെയും അറുത്തതിന് ശേഷം കളയലാണ്. (മുഗ്‌നി 4/284)

പുരുഷനു സ്വന്തമായി അറവ് നടത്തലാണ് അറവ് വശമുണ്ടെങ്കില്‍ പുണ്യകരം; സ്ത്രീക്കു മറ്റൊരാളെ ഏല്‍പ്പിക്കലും. സ്വയം അറുക്കുന്നില്ലെങ്കിലും അറവുസ്ഥലത്ത് ഹാജരാകല്‍ സുന്നത്താകുന്നു. വിദേശത്തുള്ളവര്‍ക്ക് നാട്ടില്‍ ഉള്ഹിയ്യത്തറുക്കാവുന്നതാണ്. ഭരണാധികാരിയല്ലാത്തവനു തന്റെ വീടിനോടനുബന്ധിച്ച് കുടുംബങ്ങളെ സന്നിധിയില്‍ വെച്ചു അറവു നടത്തലാണു ഉചിതം. അയല്‍വാസികള്‍ ഭാഗം ചേര്‍ന്നറുക്കുകയാണെങ്കില്‍, വീടുകള്‍ പരസ്പം തൊട്ടടുത്താണെങ്കില്‍ എല്ലാ വീടുകളുടെയും പരിസരത്തായി അറുക്കണം. വീടുവിട്ടുള്ള വീട്ടുകാരില്‍ ഒരാളുടെ വീട്ടുപടിക്കല്‍ അറവു നടത്തുകയാണെങ്കില്‍ അയാള്‍ക്കു മാത്രമീ സുന്നത്തു ലഭിക്കും. എല്ലാവര്‍ക്കും സൗകര്യപ്പെടുന്നപൊതുസ്ഥലം കണ്ടെത്തുന്നതില്‍ കുഴപ്പമൊന്നുമില്ല.

ഒട്ടകം, മാട്, ആട് എന്നീ ഇനങ്ങള്‍ മാത്രമേ ഉള്ഹിയ്യത്തിനും പറ്റുകയുള്ളൂ. ഒട്ടകം 5 വയസ്സ്, മാട്, കോലാട് 2 വയസ്സ്, നെയ്യാട് 1 വയസ്സ് എന്നിങ്ങനെ പ്രായം തികയേണ്ടതാണ്. വയസ്സ് തികയും മുമ്പേ നെയ്യാടിന്റെ പല്ല് കൊഴിഞ്ഞിട്ടുണ്ടെങ്കിലതും സാധുവാകുന്നതാണ്. (തുഹ്ഫ 9/348) ആണ്‍, പെണ്‍ ഇവ രണ്ടും പറ്റുമെങ്കിലും ആണ്‍ മൃഗമാണ് കൂടുതല്‍ ഉചിതം. എന്നാല്‍, കൂറ്റന്‍കയറലധികരിച്ചതാണെങ്കില്‍ പ്രസവിക്കാത്ത പെണ്‍മൃകമാണു ഉചിതം.

ഒട്ടകം, മാട് എന്നിവയില്‍ ഏഴു പേര്‍ക്കു വരെ ഷെയര്‍ ചേരാവുന്നതാണ്. ഉള്ഹിയ്യത്ത്. അഖീഖത്ത്, ഫിദ്‌യ, വെറും മാംസം എന്നിങ്ങനെ വ്യത്യസ്ത ഉദ്ദേശ്യങ്ങള്‍ വെച്ച് ഒരാള്‍ക്കോ, ഒന്നിലധികം പേര്‍ക്കോ ഒരു മൃഗത്തില്‍ ഇപ്രകാരം ഓഹരി ചേരാവുന്നതാണ്. അറവിനു ശേഷം താന്താങ്ങളുടെ വിഹിതം വീതിച്ചെടുത്താല്‍ മതി. ഇനി ഭാഗിക്കാതെ വിതരണം ചെയ്താലും വിരോധമൊന്നുമില്ല. ആളെണ്ണമനുസരിച്ച് ധര്‍മം ചെയ്യേണ്ട ചുരുങ്ങിയ അളവ് മാംസം അര്‍ഹര്‍ക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നു മാത്രം.
ഏഴു പേര്‍ ചേര്‍ന്നറുക്കുന്ന ഉള്ഹിയ്യത്തില്‍ അവരവരുടെ ഓഹരിയില്‍ നിന്നു തന്നെ സ്വദഖ ചെയ്യല്‍ നിര്‍ബന്ധമാണ്. എല്ലാവര്‍ക്കു വേണ്ടിയും ഒരാളുടെ ഓഹരിയില്‍നിന്നു സ്വദഖ ചെയ്താല്‍ മതിയാകുകയില്ല. കാരണം, ഏഴു പേര്‍ ചേര്‍ന്നറുക്കുന്ന മൃഗം ഏഴു ഉള്ഹിയ്യത്തിന്റെ വിധിയിലാണ്. (ശര്‍വാനി 9/349) ഇതിനര്‍ത്ഥം ഓരോരുത്തരും അവനവനുള്ളത് ഓഹരിവെച്ച് വെവ്വേറെ ധര്‍മ്മം ചെയ്യല്‍ നിര്‍ബന്ധമാണെന്നല്ല. വെവ്വേറെ ഓഹരി വയ്ക്കുന്നത് അനുവദനീയം മാത്രമാണ്. (ഫതാവാ ശാലിയാത്തി, പേ 138). മറിച്ച് ബാക്കിയുള്ളവര്‍ അവരുടെ ഓഹരികള്‍ മുഴുവനും സ്വന്തമായെടുത്ത് ഒരാള്‍ മാത്രം തന്റെ ഓഹരിയില്‍നിന്ന് എല്ലാവര്‍ക്കും വേണ്ടി സ്വദഖ ചെയ്താല്‍ മതിയാവില്ല എന്നാണ്. ഉദാഹരണത്തിന്, 70 കിലോ മാംസമുള്ളൊരു മൃഗത്തിന്റെ, പത്തു കിലോ വീതം ആറോഹരിയും (60 കിലോ) മറ്റുള്ളവര്‍ കൈക്കലാക്കി. അവശേഷിക്കുന്ന ആളാണ് തന്റെ കിലോയില്‍നിന്ന് എല്ലാവര്‍ക്കും വേണ്ടി വിതരണം നടത്തിയത്. എന്നാലതു മതിയാകുന്നതല്ല. അതേസമയം, ആകെ 70 കിലോയില്‍നിന്ന് 7 കിലോ ആദ്യം സാധുക്കള്‍ക്ക് വിതരണം ചെയ്തതിന് ശേഷം ബാക്കി 63 കിലോ 9 കിലോ വീതം തുല്യമായി ഓരോരുത്തരും വിഹിതിച്ചെടുത്തു. അന്നേരം ഓരോരുത്തരും അവരവരുടെ ഓഹരികളില്‍നിന് ഓരോ കിലോ സ്വദഖ ചെയ്തുകഴിഞ്ഞതിനാല്‍ ഉള്ഹിയ്യത്തിന്റെ നിര്‍ബന്ധദാനം നിയമപ്രകാരം തന്നെ നടന്നിരിക്കുകയാണ്. ഈ ഉദാഹരണം മനസ്സിലാക്കിയാല്‍ ഇനി ഇവ്വിഷയത്തില്‍ തെറ്റിദ്ധാരണക്കിടമില്ല.
ഒന്നിലധികമാളുകള്‍ കൂടിയറുക്കുമ്പോള്‍, ബാക്കിയുള്ളവരുടെ അനുമതി പ്രകാരം ഒരാളോ, അവര്‍ ഏല്‍പ്പിക്കുന്നതു പ്രകാരം പുറത്തുള്ളവനോ അറവു നടത്തണം. വിതരണവും അപ്രകാരമാകാവുന്നതാണ്. ഷെയറുകാരിലൊരാളുടെ വിഹിതം ഒരു മൃഗത്തിന്റെ ആകെ വിലയുടെ ഏഴിലൊന്നില്‍ കുറയരുത്. 7000 രൂപയുടെ ഒരു മൃഗം ഏഴു പേര്‍ ഒന്നിച്ചറുക്കുമ്പോള്‍ കൃത്യം 1000 രൂപയുടെ ഏഴോഹരി തന്നെയാവേണ്ടതാണ്. താന്‍ ഓഹരിചേര്‍ന്ന മൃഗം ഇന്നതാണെന്ന് ഓരോ ഷെയറുകാരനും വേര്‍തിരിയാതെ ധാരാളം പേരില്‍നിന്നു നിശ്ചിത സംഖ്യം പിരിച്ചു കുറെ മൃഗങ്ങളെ വാങ്ങി ഒന്നിച്ച് അറുത്തുകൊണ്ടുള്ള ‘ബലികര്‍മം’ ചില നാടുകളില്‍ കണ്ടുവരുന്നു. അത് അസാധുവും അസ്വീകാര്യവുമാണ്.
21,000 രൂപക്ക് 21 പേര്‍ ചേര്‍ന്ന് മൂന്നു മൃഗത്തെയറുത്തുവെന്നിരിക്കട്ടെ. എങ്കില്‍ ഓരോ മൃഗത്തിനും ഏഴു പേര്‍ വീതം നിജപ്പെടുത്തി അതാതു മൃഗത്തിന്റെ ഏഴിലൊന്ന് വീതം സംഖ്യയടക്കേണ്ടതാണ്. മൂന്നു മൃഗത്തിനും തുല്യ വിലയാണെങ്കില്‍ ഓരോരുത്തര്‍ക്കും 1000 രൂപയാണു വരിക. മൂന്നു മൃഗത്തെയും ഒന്നിച്ചറുക്കുകയാണെങ്കില്‍ഓരോ മൃഗത്തിന്റെയും ഏഴു വിഹിതത്തില്‍നിന്നും സ്വദഖ ചെയ്യേണ്ടുന്ന ചുരുങ്ങിയ അളവ് മാംസമെങ്കിലും ഫുഖറാഇന് എത്തുന്നുണ്ടെന്നുറപ്പ് വരുത്താന്‍ ഷെയറുടമകള്‍ ശ്രദ്ധിക്കേണ്ടതാണ.് അതുറപ്പുള്ളപക്ഷം മൂന്നു മൃഗങ്ങളുടെയും മാംസം ഒരുമിച്ചുകൂട്ടി വിതരണം ചെയ്യുന്നതില്‍ അപാകത വരാനില്ല. തനിക്കു ഭക്ഷിക്കുവാനും സ്വന്തം നിലക്ക് ഹദ്‌യ നല്‍കുവാനും വേണ്ടി ഷെയറുകാരന്‍ സ്വന്തം മൃഗത്തില്‍നിന്ന് മാറ്റിവെച്ചതിനു ശേഷമാണ് വിതരണത്തിനുള്ളത് ഒന്നിച്ചുകൂട്ടേണ്ടത്. ചുരുക്കത്തില്‍, ഓരോരുത്തരും നിശ്ചിത മൃഗത്തിന്റെ വിലയുടെ ഏഴിലൊന്നിനെയാണ് ഓഹരിയെടുക്കേണ്ടത്. മൃഗത്തെ നിജപ്പെടുത്തുന്നപക്ഷം ഓരോ മൃഗത്തിന്റെയും 21-ല്‍ ഒന്ന് മാത്രമെ ഓരോരുത്തരും ഷെയറെടുക്കുന്നൂള്ളൂ. അതിനു പുറമെ അവരവരുടെ വിഹിതങ്ങളില്‍ നിന്നുതന്നെ വിതരണവും നടക്കണം.
അതും ഒന്ന് ഒരാള്‍ക്ക് മാത്രമേ മതിയാകുകയുള്ളൂ. രണ്ടുപേര്‍ ചേര്‍ന്ന് രണ്ടു ആടുകളെ വിലക്കു വാങ്ങി അറുത്താല്‍ ശരിയാകില്ല. കാരണം, ഓരോ ആടിലും ഇരുവരും കൂറായിരിക്കുകയാണ്. അപ്പോള്‍ ‘ഒരു ആട് ഒരാള്‍ക്ക്’ എന്ന നിയമം നിരാകരിക്കപ്പെടുമെന്ന കുഴപ്പം സംഭവിക്കുന്നു.

പറ്റിയത്, മുന്തിയത്
മാംസത്തിനു കുറവു വരുത്തുന്ന ന്യൂനതകളില്‍നിന്ന് മുക്തമായിരിക്കണം ഉള്ഹിയ്യത്തു മൃഗം. ചെവി, ചന്തി, അകിട്, നാവ് പോലുള്ളവ മുറിച്ചുമാറ്റപ്പെട്ടത് മതിയാകില്ല. ഗര്‍ഭിണി പറ്റില്ലെന്നാണ് പ്രബലം. ചെവി കീറുക, തുളക്കുക എന്നിവ കുഴപ്പമില്ലെങ്കിലും തന്മൂലം വല്ലതും ചെവിയില്‍നിന്നടര്‍ന്നു പോകരുത്. ഭ്രാന്ത്, മുടന്ത്, കാഴ്ചയില്ലായ്മ, തീവ്രരോഗം, ചൊറി എന്നിവയുള്ളതും പല്ലുകള്‍ മുഴുവന്‍ കൊഴിഞ്ഞുപോയതും ഉള്ഹിയ്യത്തറുക്കാന്‍ പറ്റാത്തതാണ്.
ഒരു പൂര്‍ണ്ണ ഒട്ടകം, പിന്നെ പൂര്‍ണ്ണമാട്, പിന്നെ നെയ്യാട്, പിന്നെ കോലാട്, പിന്നെ ഒരൊട്ടകത്തിന്റെ ഓഹരി ചേരുക, പിന്നെ മാടില്‍ ഓഹരി ചേരുക എന്ന വിധം ശ്രേഷ്ഠതയെ ക്രമപ്പെടുത്തിയിരിക്കുന്നു. എന്നാല്‍, ഏഴ് ആട് അറുക്കുന്നത് ഒരു ഒട്ടകത്തെക്കാള്‍ പുണ്യമേറിയതാണ്. ഓരോ ഇനത്തിലും കൂടുതല്‍ തടിയുള്ളതാണ് ഏറെ ശ്രേഷ്ടം. എന്നിരിക്കെ അതില്‍ രണ്ടു മെലിഞ്ഞവയെക്കാള്‍ നല്ലത് ഒരു തടിച്ചതാണ്. മെലിഞ്ഞവ ഉല്‍കൃഷ്ട നിറമുള്ളവയോ കൂറ്റന്‍മാരോ ആയിരുന്നാലും ശരി. മാംസം തുല്യവും നിറം വ്യത്യാസവുമായിരുന്നവയില്‍ ഉല്‍കൃഷ്ട നിറമുള്ളതാണുത്തമം. യഥാക്രമം വെളുപ്പ്, മഞ്ഞ, തെളിവില്ലാത്ത വെള്ള, ചുവപ്പ്, കറുപ്പും വെളുപ്പും കലര്‍ന്നത്, കറുപ്പ് എന്ന ക്രമത്തിലാണ് നിറഭേദം തീര്‍ച്ചപ്പെടുത്തുന്നത്. തടിയുള്ള വെളുത്ത മൂരിയും താരതമ്യേന മെലിഞ്ഞ കറുപ്പുള്ള പോത്തും തമ്മില്‍ ശ്രേഷ്ഠമായത് മൂരിയാണ്. മാര്‍ക്കറ്റില്‍ പക്ഷേ പോത്തിനായിരിക്കും വില കൂടുതല്‍. എന്നാല്‍, കറുത്ത പോത്ത് അധികം തടിച്ചതാണെങ്കില്‍ അതാണുത്തമം...