ജനങ്ങളേ,എന്‍റെ വാക്കുകള്‍ കേള്‍ക്കുവീന്‍.
ഇനിയൊരിക്കല്‍ ഇവിടെവെച്ച് നിങ്ങളുമായി
കാണാന്‍ കഴിയുമോ എന്നെനിക്കറിയില്ല.
ജനങ്ങളെ,നിങ്ങളുടെ രക്തവും ധനവും അഭിമാനവും
ദൈവവുമായി നിങ്ങള്‍ കണ്ടുമുട്ടുന്നനാള്‍ വരെ പവിത്രമാണു.
ഈ ദിവസവും ഈ മാസവും പവിത്രമായത്പോലെ.
തിര്‍ച്ചയായും നിങ്ങള്‍ നിങ്ങളുടെ നാഥനെ സന്ധിക്കും.
അവന്‍ നിങ്ങളോട് നിങ്ങളുടെ പ്രവര്‍ത്തികളെക്കുറിച്ചു ചോദിക്കും.
ഈ സന്ദേശം ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതന്നിരിക്കുന്നു.
ആരുടേയെങ്കിലും കൈവശം സൂക്ഷിപ്പുമുതലുകളുണ്ടെങ്കില്‍
അത് വിശ്വസിച്ചേല്പിച്ചവര്‍ക്ക് തിരിച്ച് നല്‍കുക.
പലിശ ഇന്നുമുതല്‍ റദ്ദ് ചെയ്തിരിക്കുന്നു.
പക്ഷെ,മൂലധനം നിങ്ങള്‍ക്ക് അവകാശപ്പെട്ടതാണു.
നിങ്ങള്‍ അക്രമം ചെയ്യരുത്,നിങ്ങളെ ആരും അക്രമിക്കയുമില്ല.
പലിശ പാടില്ലെന്ന് ദൈവം ആജ്ഞാപിച്ചിരിക്കുന്നു.
അബ്ബാസ് ഇബ്നു അബ്ദില്‍മുത്തലിബിനു കിട്ടാനുള്ള
എല്ലാ പലിശയും ഇതോടെ അസാധുവായിരിക്കുന്നു.
അവിവേകകാലത്തെ കുടിപ്പകകളെല്ലാം ഈദിവസത്തോട് കൂടി
ദുര്‍ബലമായിരിക്കുന്നു.ഇബ്നു റബീഅയുടെ വധത്തിനു
പ്രതികാരം ചെയ്യാനുള്ള ബന്ധുക്കളുടെ കുടിപ്പകാവകാശമാണു
ഇതില്‍ ആദ്യമായി ഞാന്‍ റദ്ദ് ചെയ്യുന്നതു.ഇബ്നുറബീഅയെ
ഹുദൈല്‍ ഗോത്രക്കാര്‍ കൊന്നുകള്‍ഞ്ഞിരുന്നുവല്ലോ.
ജനങ്ങളേ,ഈ പുണ്യഭൂമിയില്‍ വെച്ചു പിശാച് ഇനി
ആരാധിക്കപ്പെടുകയില്ല.അതിനാല്‍ അവന്‍ നിരാശനാണു.
എന്നാല്‍ ചെറിയ കാര്യങ്ങളില്‍ നിങ്ങള്‍ അവനെ
അനുസരിക്കയാണെങ്കില്‍,അവന്‍ സംതൃപ്തനായിരിക്കും.
അതിനാല്‍ ജാഗ്രത പാലിക്കുക !
ജനങ്ങളെ,നിങ്ങളുടെ പത്നിമാരില്‍ നിങ്ങള്‍ക്ക് ചില
അവകാശങ്ങളുണ്ട്;അതുപോലെ അവര്‍ക്ക് നിങ്ങളിലും.
സ്ത്രീകളോട് നിങ്ങള്‍ ദയാവായ്പോടെ പെരുമാറുക.
അവര്‍ നിങ്ങളുടെ ആശ്രിതരും പങ്കാളികളുമാണു.
അല്ലാഹു നിങ്ങളെ ഏല്പിച്ച അനാമത്താകുന്നു അവര്‍!
ജനങ്ങളേ,എന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുക.
സ്പഷ്ടമായ രണ്ട് രേഖകള്‍ നിങ്ങള്‍ക്ക് തന്ന് കൊണ്ടാണു
ഞാന്‍ പോകുന്നത്;അതു മുറുകെപ്പിടിക്കുന്ന കാലത്തോളം
നിങ്ങള്‍ വഴിപിഴക്കുകയില്ല തന്നെ.ദൈവത്തിന്‍റെ വേദവും
അവന്‍റെ ദൂതന്‍റെ ചര്യയുമാണതു.
ജനങ്ങളെ, ഞാന്‍ പറയുന്നതു കേള്‍ക്കുവീന്‍.
നിങ്ങളെല്ലാം സഹോദരന്മാരാകുന്നു.
നിങ്ങളെല്ലാം സമന്മാരുമാകുന്നു.
പൊതുവായ ഒരു സാഹോദര്യത്തിലെ അംഗങ്ങളാണു
നിങ്ങളെല്ലാം.ഒരാള്‍ ഇഷ്ടപ്പെട്ട് തരുന്നതൊഴികെ
അവനില്‍നിന്നു മറ്റെന്തെങ്കിലും എടുക്കുന്നതു
നിരോധിച്ചിരിക്കുന്നു.നിങ്ങള്‍ അന്യരുടെ
അവകാശങ്ങളില്‍ കൈവെക്കരുതു.
ജനങ്ങളേ,നിങ്ങളുടെ ദൈവം ഒന്ന്,
നിങ്ങളുടെ പിതാവ് ഒന്ന്,
നിങ്ങളെല്ലാം ആദമില്‍നിന്നാണുണ്ടായതു,
ആദം മണ്ണില്‍ നിന്നും.കൂടുതല്‍
ദൈവഭക്തിയുള്ളവന്‍ കൂടുതല്‍ ശ്രേഷ്ടന്‍.
അറബിക്കു അനറബിയെക്കാളൊ,
അനറബിക്കു അറബിയേക്കാളോ മഹത്വമൊന്നുമില്ല!
No comments:
Post a Comment